ഒഡിഷയിൽ സ്കൂളിൽനിന്ന് പിൻ വിഴുങ്ങിയ വിദ്യാർഥി മരിച്ചു; അധ്യാപകരുടെ അനാസ്ഥയെന്ന് കുടുംബം
text_fieldsപ്രതീകാത്മക ചിത്രം
ഒഡിഷ: ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ സ്കൂളിലെ നോട്ടീസ് ബോർഡിൽനിന്ന് പിൻ വിഴുങ്ങിയതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. സ്കൂൾ അധ്യാപകർ വിഷയം ഗൗരവമായി എടുത്തില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയെന്നും കുടുംബം ആരോപിച്ചു.
ഒക്ടോബർ 15 നാണ് സംഭവം നടന്നത്. സ്‌കൂൾ ഹെഡ്മാസ്റ്റർ അശ്രദ്ധ കാണിച്ചുവെന്ന ആരോപണം നിഷേധിക്കുകയും പൊലീസ് അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവരുമെന്ന് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും കേസെടുത്തിട്ടില്ല.വിദ്യാർത്ഥിയുടെ കുടുംബം പറയുന്നതനുസരിച്ച്, കുട്ടി തന്റെ മാതൃസഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അബദ്ധത്തിൽ പിൻ വിഴുങ്ങിയതിന് ശേഷം, അവന്റെ സുഹൃത്തുക്കളോട് പറയുകയും അവർ അധ്യാപകരോട് പറയുകയും ചെയ്തെങ്കിലും വിഷയം ഗൗരവത്തിലെടുത്തില്ല. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ, അവൻ ജീവിച്ചിരിക്കുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
സംഭവദിവസം സ്കൂളിൽനിന്ന് അമ്മാവന്റെ വീട്ടിലേക്ക് മടങ്ങിയ കുട്ടിക്ക് കഠിനമായ വേദന അനുഭവപ്പെട്ടതായി വിദ്യാർഥിയുടെ കുടുംബം പറഞ്ഞു. എന്താണ് സംഭവിച്ചതെന്തെന്ന് കുട്ടി മുത്തച്ഛനോട് പറയുകയും അവനെ ആശുപത്രിയിലെത്തിച്ചു. എക്സ്-റേയിൽ ശ്വാസകോശത്തിൽ പിൻ കുടുങ്ങിയതായി കണ്ടെത്തി. കുട്ടിയെ ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്കും കട്ടക്കിലെ ശിശു ഭവനിലേക്കും കൊണ്ടുപോയി. ശസ്ത്രക്രിയയിലൂടെ പിൻ നീക്കം ചെയ്തെങ്കിലും, വളരെ വൈകിയതിനാൽ, ഒക്ടോബർ 26 ന് ചികിത്സയ്ക്കിടെ കുട്ടി കോമയിലാവുകയും മരിക്കുകയുമായിരുന്നു.
മകൻ മരിച്ച് ഒരു ദിവസത്തിന് ശേഷം കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്.സ്കൂൾ അധികൃതരുമായി സംസാരിക്കുകയും സംഭവം സ്ഥിരീകരിച്ചതായും സിസി ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

