Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹനങ്ങൾ...

വാഹനങ്ങൾ അഗ്നിക്കിരയാക്കി, ചാൻസലറുടെ വസതി തകർത്തു; ഭോപാലിൽ മഞ്ഞപ്പിത്തം പടരുന്നതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം അക്രമാസക്തം

text_fields
bookmark_border
Student protests rock VIT Bhopal over jaundice outbreak
cancel

ഇൻഡോർ: വി.ഐ.ടി യൂനിവേഴ്സിറ്റി കാംപസിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടും അധികൃതരുടെ നിസ്സംഗതക്കെതിരെ വിദ്യാർഥികൾ നടത്തിയ ​പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മഞ്ഞപ്പിത്തം പടരുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ റാലി നടത്തിയിരുന്നു. ഹോസ്റ്റലുകളിലെ ശുചിത്വമില്ലായ്മയും മലിനമായ വെള്ളവുമാണ് മഞ്ഞപ്പിത്തം പടരാൻ കാരണമെന്നായിരുന്നു വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയത്. പ്രതിഷേധവുമായി 4000 വിദ്യാർഥികളാണ് കോളജ് കാംപസിൽ ഒത്തുകൂടിയത്. വിദ്യാർഥികൾ കാംപസിലെ നിരവധി വാഹനങ്ങൾ നശിപ്പിച്ചതായും യൂനിവേഴ്സിറ്റിയുടെ സ്വത്തുവകകൾക്ക് നാശനഷ്ടങ്ങൾ വരുത്തിയതായും ചാൻസലറുടെ ബംഗ്ലാവിനു നേർക്ക് അക്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഇ​ൻഡോർ-ഭോപാൽ ഹൈവേയിലാണ് വി.ഐ.ടി യൂനിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.

അടുത്തിടെ 24 ഓളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെയാണ് വിദ്യാർഥികൾ കാംപസിൽ പ്രതിഷേധവുമായി എത്തിയത്. ഇക്കാര്യത്തിൽ വിദ്യാർഥികൾ പരാതി നൽകി​യെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. വീണ്ടും വിദ്യാർഥികൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിട്ടും നടപടിയുണ്ടായില്ല. കാംപസിലെ ഹോസ്റ്റലിലെ ഭക്ഷണവും ശുദ്ധീകരിക്കാത്ത വെള്ളവുമാണ് മഞ്ഞപ്പിത്തം പടർന്നുപിടിക്കാൻ കാരണമെന്നായിരുന്നു വിദ്യാർഥികളുടെ വാദം. എന്നാൽ ഒരുറപ്പും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.

വിദ്യാർഥികൾ മഞ്ഞപ്പിത്തം​ പ്രശ്നം ഉയർത്തിയപ്പോഴൊക്കെ ഹോസ്റ്റലിലെ ജീവനക്കാരും സെക്യൂരിറ്റി ഗാർഡുകളും മോശമായാണ് പെരുമാറിയത്. അവരെ നിശ്ശബ്ദരാക്കാനായി ഭീഷണിപ്പെടുത്തുകയും ശാരീരികമായി മർദിക്കുകയും ചെയ്തു. ഈ അവഗണനയും ഭീഷണികലർന്ന മറുപടികളുമാണ് വിദ്യാർഥികളെ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ ​വിദ്യാർഥി പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. ഹോസ്റ്റലുകളിലും കോളജ് കാംപസിന്റെ പ്രധാന കവാടങ്ങളിലും ഒത്തുകൂടി മാനേജ്മെന്റിനെയിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച വിദ്യാർഥികൾ ഗുരുതരമായ ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിൽ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. പൊലീസും സ്ഥലത്തെത്തി.

ഹോസ്റ്റലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും കുട്ടികൾക്ക് കുടിക്കാനായി നൽകുന്നത് മലിനജലമാണെന്നും വിദ്യാർഥികൾ പല തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും തുടർന്നാണ് പ്രതിഷേധം അരങ്ങേറിയതെന്നുമാണ് വിദ്യാർഥി സംഘടന പ്രതിനിധികൾ പറയുന്നത്.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ ക്യാംപസിലെ സ്ഥിതിഗതികൾ സാധാരണ ഗതിയിലാണെന്നും പൊലീസ് സൂപ്രണ്ട് ദീപക് ശുക്ല അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് നവംബർ 30 വരെ കോളജ് അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥികളിൽ ഒരുവിഭാഗം വീട്ടിലെത്തിയിട്ടുണ്ട്. അസുഖ ബാധിതരായ വിദ്യാർഥികളുടെ ലിസ്റ്റ് ശേഖരിക്കുകയാണെന്നും അവരുടെ പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhopalJAUNDICEstudent protestsLatest News
News Summary - Student protests rock VIT Bhopal over jaundice outbreak
Next Story