പരസ്യം കണ്ട് വൃക്ക വിൽക്കാനൊരുങ്ങി; യുവതിയിൽ നിന്ന് തട്ടിയത് 16 ലക്ഷം
text_fieldsഹൈദരാബാദ്: പരസ്യം കണ്ട് വൃക്ക വിൽക്കാനൊരുങ്ങിയ യുവതിയിൽ നിന്ന് തട്ടിപ്പുകാർ കൈക്കലാക്കിയത് 16 ലക്ഷം രൂപ. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ നഴ്സിങ് വിദ്യാർഥിയുടെ പണമാണ് നഷ്ടമായത്.
പൊലീസ് പറയുന്നത് ഇങ്ങനെ;- പെൺകുട്ടി അടുത്തിടെയാണ് നഴ്സിങ് കോഴ്സിനായി ഹൈദരാബാദിലേക്ക് വന്നത്. പിതാവിന്‍റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഓൺലൈനിലൂടെ വസ്ത്രങ്ങൾ, വാച്ചുകൾ തുടങ്ങിയവ വാങ്ങിയിരുന്നു. പിതാവ് അറിയും മുമ്പ് പണം തിരികെ ഇടണമെന്ന് കരുതിയെങ്കിലും കൈയിൽ പണമുണ്ടായിരുന്നില്ല.
അപ്പോഴാണ് വൃക്ക അത്യാവശ്യമായി ആവശ്യമുണ്ടെന്നുള്ള പരസ്യം ശ്രദ്ധയിൽപെട്ടത്. ഏഴ് കോടി പ്രതിഫലം നൽകുമെന്നുമുണ്ടായിരുന്നു. പരസ്യത്തിലെ നമ്പർ വഴി പെൺകുട്ടി ഡോ. പ്രവീൺ രാജ് എന്നയാളെ ബന്ധപ്പെട്ടു. വൃക്ക നൽകാൻ തയാറായ പെൺകുട്ടിക്ക് ആദ്യ ഗഡുവായി 3.5 കോടിയും ബാക്കി പിന്നീടും നൽകുമെന്ന് ഇയാൾ പറഞ്ഞു.
ഇയാൾ പറഞ്ഞതനുസരിച്ച് മെഡിക്കൽ പരിശോധനകൾ നടത്തി പെൺകുട്ടി റിപ്പോർട്ട് അയച്ചുകൊടുത്തു. യോജിച്ച വൃക്കയാണെന്നും വെരിഫിക്കേഷൻ ചാർജായി 16 ലക്ഷം അടച്ചാൽ 3.5 കോടി അഡ്വാൻസായി നൽകാമെന്നും പെൺകുട്ടിക്ക് മറുപടി ലഭിച്ചു. ഇത് വിശ്വസിച്ച കുട്ടി പിതാവിന്‍റെ അക്കൗണ്ടിൽ നിന്ന് തന്നെ ഈ പണം അയച്ചു. ഡൽഹിയിലെത്തി പണം വാങ്ങാനായിരുന്നു കിട്ടിയ നിർദേശം. തട്ടിപ്പുകാർ നൽകിയ വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന് പരാതിപ്പെടുകയായിരുന്നു.
പൊലീസ് പരിശോധിച്ചപ്പോൾ പിതാവിന്‍റെ അക്കൗണ്ടിൽ നിന്ന് 16 ലക്ഷം നഷ്ടമായതായി കണ്ടെത്തി. സംഭവത്തേത്തുടർന്ന് വീട്ടിലേക്ക് വരാതായ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായി. പിന്നീട് എൻ.ടി.ആർ നഗറിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരു സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

