അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
text_fieldsബംഗളൂരു: അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ (എ.പി.യു) വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മഹാരാഷ്ട്ര നാസിക് സ്വദേശി അഭിജിത് ഷിൻഡെ (26) ആണ് മരിച്ചത്. വെളളിയാഴ്ച നടന്ന കോളജ് ഫെസ്റ്റിന്റെ ആരംഭ ചടങ്ങിൽ നൃത്തംചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളജിൽ നടന്ന നിരാഹാര സമരത്തിൽ ബുധനാഴ്ച അഭിജിത് പങ്കെടുത്തിരുന്നു. അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ നിന്ന് മൂന്ന് കിലോമീറ്റർ താഴെ മാത്രം ദൂരമുള്ള ഹോസ്റ്റലിൽനിന്ന് കോളജിലേക്കും തിരിച്ച് ഹോസ്റ്റലിലേക്കുമുള്ള യാത്രക്കായി വിദ്യാർഥികളിൽ നിന്ന് ഷട്ടിൽ ഫീ ആയി ഓരോ സെമസ്റ്ററിനും 8500 രൂപ ഈടാക്കുന്നതിനെതിരെയാണ് വിദ്യാർഥികൾ സമരം നടത്തുന്നത്. 13 ദിവസം സമരം അരങ്ങേറിയിരുന്നു. സമരം 10 ദിവസം പിന്നിട്ടതോടെ പിന്നീട് നിരാഹാര സമരം വിദ്യാർഥികൾ ആരംഭിച്ചിരുന്നു. ഷട്ട്ൽ സർവിസ് ഉപയോഗിക്കാത്ത വിദ്യാർഥികളും സ്കോളർഷിപ്പോടെ പഠിക്കുന്ന വിദ്യാർഥികളുമടക്കം എല്ലാവരിൽനിന്നും ഷട്ട്ൽഫീ ഈടാക്കിയിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു.
അഭിജിത്തിന്റെ മരണം യൂനിവേഴ്സിറ്റിയുടെ വിദ്യാർഥി വിരുദ്ധ നയങ്ങളുടെ പ്രത്യക്ഷ ഫലമാണെന്ന് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ ആരോപിച്ചു. സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും മാനേജ്മെന്റിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടക സർക്കാറിന്റെയും എ.പി.യു മാനേജ്മെന്റിന്റെയും വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായ സമരത്തിന് എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.
അതേസമയം, കാമ്പസിലെ വിദ്യാർഥിയുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന സമരത്തിൽ അഭിജിത്ത് പങ്കെടുത്തിരുന്നില്ല. കുഴഞ്ഞുവീണയുടൻ വിദ്യാർഥിക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയിരുന്നു. അഭിജിത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വിഷമത്തിൽ തങ്ങളും പങ്കുചേരുന്നതായും അവന്റെ കുടുംബത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ പുറത്തിറക്കിയ പത്രകുറിപ്പിൽ പ്രതികരിച്ചു. അഭിജിത്തിന്റെ മൃതദേഹം ബംഗളൂരു സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.