കൊൽക്കത്ത ഐ.ഐ.എമ്മിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി; സീനിയർ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാർഥിനിയെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വെച്ച് രണ്ടാം വർഷ വിദ്യാർഥി ബലാത്സംഗം ചെയ്തതായി ആരോപണം. വെള്ളിയാഴ്ച പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ഹരിദേവ്പൂർ പൊലീസ് രണ്ടാം വർഷ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. സൗത് കൊൽക്കത്ത ലോ കോളേജ് കാമ്പസിനുള്ളിൽ ഒരു നിയമ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിന് രണ്ടാഴ്ച കഴിഞ്ഞാണ് പ്രശസ്തമായ ഐ.ഐ.എം കാമ്പസിൽ സമാന സംഭവം.
കൗൺസിലിങ് സെഷന്റെ മറവിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് തന്നെ എത്തിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നുവെന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അവിടെ എത്തിയപ്പോൾ ഭക്ഷണവും പാനീയങ്ങളും വാഗ്ദാനം ചെയ്തു. തുടർന്ന് ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോൾ ഹോസ്റ്റലിനകത്താണെന്നും താൻ ബലാത്സംഗത്തിന് ഇരയായെന്നും തിരിച്ചറിഞ്ഞു. പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും അവൾ പറഞ്ഞു.
പെൺകുട്ടി ആ പരിസരത്തുനിന്ന് ഇറങ്ങി നേരെ താക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതേ രാത്രിയിൽ തന്നെ ഹോസ്റ്റലിൽ നിന്ന് ഒരു വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. കസ്റ്റഡിയിലെടുത്ത വ്യക്തി പ്രധാന പ്രതിയാണോ എന്ന് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രാരംഭ അന്വേഷണത്തിൽ അതിജീവിതയും പ്രതിയും സമൂഹമാധ്യമത്തിലൂടെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. മറ്റൊരു പരിചയക്കാരനുമായുള്ള സംഘർഷത്തെത്തുടർന്ന് അവൾ പ്രതിയിൽനിന്ന് ഉപദേശം തേടിയിരുന്നു. തുടർന്ന് അയാൾ അവളെ ഒരു ചർച്ചക്കായി കാമ്പസിലേക്ക് ക്ഷണിച്ചു.
രണ്ടുപേരെയും അറിയുള്ള ഒരുസുഹൃത്ത് അവളോടൊപ്പം പോയതായി റിപ്പോർട്ടുണ്ട്. എന്നാൽ, പ്രതി സ്വകാര്യമായ സംഭാഷണം ആവശ്യപ്പെടുകയും അവളെ ഒഴിഞ്ഞുകിടക്കുന്ന ഒരു ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

