11 വർഷമായി ഒന്നാംവർഷ എം.ബി.ബി.എസ് ക്ലാസിലിരിക്കുന്ന വിദ്യാർഥിയെ പുറത്താക്കാൻ മാർഗം തേടി യു.പി കോളജ് അധികൃതർ
text_fieldsലഖ്നോ: 2014 ബാച്ചിലെ എം.ബി.ബി.എസ് വിദ്യാർഥി ഒന്നാംവർഷ പരീക്ഷയിൽ വിജയിക്കാതെ 10 വർഷമായി അതേ ക്ലാസിൽ തന്നെ തുടരുന്ന എം.ബി.ബി.എസ് വിദ്യാർഥിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലാണ് സംഭവം. തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനായി കോളജ് അധികൃതർ മാർഗനിർദേശം തേടി ദേശീയ മെഡിക്കൽ കമീഷനെ(എൻ.എം.സി) സമീപിച്ചിരുന്നു. 2015ൽ ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷ പാസാകാൻ കഴിയാതിരുന്ന വിദ്യാർഥി 2014 മുതൽ യു.ജി ഹോസ്റ്റലിൽ താമസിക്കുകയാണെന്ന് കോളജ് അധികൃതർ പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ഈ വിദ്യാർഥി പരീക്ഷാ ഫോമും പൂരിപ്പിച്ചിട്ടില്ല. പതിവ് അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുമില്ല.
നിലവിലെ മെഡിക്കൽ വിദ്യാഭ്യാസ നിയമങ്ങൾ അനുസഭിച്ച് ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥിക്ക് വീണ്ടും അഡ്മിഷൻ തേടേണ്ടതില്ല. പരീക്ഷാഫോം പൂരിപ്പിച്ചുകൊണ്ട് വീണ്ടും പ്രവേശനം നേടാം. ഈ വ്യവസ്ഥ കാരണമാണ് വിദ്യാർഥിയുടെ എൻറോൾമെന്റ് സാങ്കേതികമായി സാധുവായി തുടരുന്നത്. വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കാനും ഇതുമൂലം കോളജിന് കഴിയുന്നില്ല.
വിദ്യാർഥിക്ക് കോളജ് അധികൃതർ ആവർത്തിച്ച് കൗൺസലിങ് സെഷനുകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. അതിനു ശേഷമാണ് മാനേജ്മെന്റ് വിദ്യാർഥിയുടെ പിതാവുമായി ബന്ധപ്പെട്ടത്. കോളജിലെത്താൻ ആവശ്യപ്പെട്ട് മൂന്ന് തവണ പ്രിൻസിപ്പലിന്റെ ഓഫിസിൽ നിന്ന് വിളിച്ചിട്ടും വിദ്യാർഥിയുടെ പിതാവ് ഇതുവരെ എത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മകന്റെ വിദ്യാഭ്യാസ ഭാവിയെ കുറിച്ച് പിതാവിന് വലിയ ആശങ്കയൊന്നുമില്ലെന്നാണ് ഇതു കാണിക്കുന്നത്.
വിദ്യാർഥിയുടെ സജീവമായ എൻറോൾമെന്റ് നില അവനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുന്നതും തടയുകയാണ്. പരീക്ഷാ ഫോമിനൊപ്പം സാധാരണയായി മെസ് ഫീസും ഈടാക്കാറുണ്ട്. എന്നാൽ ഈ വിദ്യാർഥി വർഷങ്ങളായി മെസ് ഫീസും അടച്ചിട്ടില്ല. അതേസമയം, വിദ്യാർഥിക്ക് സൗജന്യ ബോർഡിങ് ലാൻഡിങ് സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി കോളജ് ഇപ്പോൾ എൻ.എം.സിയിൽ നിന്ന് മാർഗനിർദേശം തേടിയിരിക്കുകയാണ്. അവിടെ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിച്ചതിനു ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബി.ആർ.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാംകുമാർ ജയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

