ജയ്പൂർ: നിയമസഭയിൽ തന്‍റെ ഇരിപ്പിടം മാറ്റിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷാംഗങ്ങളുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ്. ഉപ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സചിൻ പൈലറ്റിന് പ്രതിപക്ഷ ബെഞ്ചിന് സമീപത്താണ് അധികൃതർ ഇരിപ്പിടം നൽകിയത്. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനം പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നടത്തിയ പരാമർശങ്ങൾ വാഗ്വാദത്തിൽ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഭക്കുള്ളിൽ സചിൻ പൈലറ്റ് ശക്തമായ മറുപടി നടത്തിയത്.
"സഭയിൽ വന്നപ്പോഴാണ് എന്‍റെ ഇരിപ്പിടം മാറ്റിയതായി കണ്ടത്. ഞാൻ അവിടെ ഇരിക്കുമ്പോൾ (ഭരണപക്ഷ ബെഞ്ച് ചൂണ്ടിക്കാണിച്ച്) സുരക്ഷിതനായിരുന്നു. ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ അടുത്താണ്. അതിർത്തിയിലേക്കാണ് തന്നെ അയച്ചതെന്ന് മനസിലായി. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ അതിർത്തിയിലേക്ക് അയക്കുകയുള്ളൂവെന്നും" സചിൻ പറഞ്ഞു. സചിന്‍റെ പ്രസ്താവനയെ ഭരണപക്ഷം ഡെസ്ക്കിൽ തട്ടിയാണ് സ്വീകരിച്ചത്.
കഴിഞ്ഞ മാസമാണ് 18 എം.എൽ.എമാരുമായി സചിൻ പൈലറ്റ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാറിനുള്ളിൽ കലാപക്കൊടി ഉയർത്തിയത്. ഇത് കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജൂലൈ 14 ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും പാർട്ടി നീക്കി. പൈലറ്റിനൊപ്പം നിന്ന രണ്ട് എം.എൽ.എമാരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സചിൻ പൈലറ്റ് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രതിസന്ധി ഉരുകിയത്.
തന്‍റെ സർക്കാരിനെ പുറത്താക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും സചിൻ പൈലറ്റിനെ ബി.ജെ.പി സഹായിക്കുന്നുണ്ടെന്നുമായിരുന്നു ഗെലോട്ടിന്‍റെ ആരോപണം. എന്നാൽ, താൻ ബി.ജെ.പിയിൽ ചേരില്ലെന്ന് ആവർത്തിച്ച പൈലറ്റ്, ഗെലോട്ട് മോശം ഭാഷ ഉപയോഗിക്കുന്നത് നിർത്തണമെന്നും 'വിലകെട്ടവൻ', 'ഒന്നിനും കൊള്ളാത്തവൻ' തുടങ്ങിയ പ്രയോഗങ്ങൾ വേദനിപ്പിച്ചെന്നും പ്രതികരിച്ചിരുന്നു.