മാലേഗാവ് കേസിൽ ശക്തമായ സംശയം; പക്ഷേ തെളിവില്ലെന്ന് കോടതി
text_fieldsപ്രജ്ഞ്സിങ് ഠാക്കൂർ
മുംബൈ: 2008 മാലേഗാവ് സ്ഫോടന കേസിൽ ബി.ജെ.പി മുൻ ഭോപ്പാൽ എം.പി സന്യാസിനി പ്രജ്ഞ്സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ടത് തെളിവുകളുടെ അഭാവം കൊണ്ടുമാത്രമെന്ന് വിധി പകർപ്പ്. പ്രതികൾക്കെതിരെ ശക്തമായ സംശയം സ്ഥാപിക്കപ്പെട്ടെങ്കിലും അതുകൊണ്ട് മാത്രം അവരെ ശിക്ഷിക്കാനാകില്ലെന്ന് വിധിപ്രസ്താവത്തിൽ പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതി വ്യക്തമാക്കുന്നു. ശക്തവും വിശ്വസനീയവും സ്വീകാര്യവുമായ തെളിവുകൾ വേണം. കുറ്റകൃത്യത്തിന്റെ ഗൗരവത്തിനനുസരിച്ച് തെളിവും ശക്തമാകണം-കോടതി പറയുന്നു. എന്നാൽ, സംശയാതീതമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
ആദ്യം കേസന്വേഷിക്കുകയും കുറ്റപത്രം സമർപ്പിക്കുകയുംചെയ്ത മഹാരാഷ്ട്ര എ.ടി.എസിൽ നിന്ന് കേസ് എൻ.ഐ.എയിലേക്ക് എത്തുമ്പോൾ രേഖകൾ കാണാതാകുന്നതും മുഖ്യസാക്ഷികൾ കൂറുമാറുന്നതുമാണ് കണ്ടത്. ക്രിമിനൽ നടപടി ചട്ടപ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ 13 സാക്ഷികൾ നൽകിയ മൊഴികളാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ കാണാതായത്.
സ്ഫോടന ഗൂഡാലോചന, അഭിനവ് ഭാരത് സംഘടനയുടെ ലക്ഷ്യം എന്നിവയുമായി ബന്ധപ്പെട്ട മൊഴികളാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് തെളിവായി പരിഗണിക്കുന്നതിനെ പ്രതികൾ എൻ.ഐ.എ കോടതിയിലും ഹൈകോടതിയിലും എതിർത്തു. തെളിവുകൾ കണ്ടെത്തി പകർപ്പുകൾ ഉപയോഗിക്കാൻ അനുമതി തേടണമെന്ന ഹൈകോടതി നിർദേശം പാലിക്കാതെ സാക്ഷി വിസ്താരവുമായി മുന്നോട്ടുപോകുകയാണ് പ്രോസിക്യൂഷൻ ചെയ്തതെന്ന് എൻ.ഐ.എ കോടതി വിധിയിൽ പറയുന്നു. അന്ന് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ മജിസ്ട്രേറ്റുമാരെ വിസ്തരിച്ചില്ലെന്നും കോടതി പറഞ്ഞു.
പകർപ്പുകൾ നൽകിയിട്ടും പ്രതികൾ സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും ഇത് അവർക്കെതിരെ പരിഗണിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 37 സാക്ഷികൾ കൂറുമാറിയതും സമർപ്പിച്ച മറ്റ് തെളിവുകളുടെ വിശ്വാസ്യതയും കോടതി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

