Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ ഗോവധം അനുവദിക്കില്ലെന്ന് സുവേന്ദു അധികാരി; ഗോശാലകൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം

text_fields
bookmark_border
കടുത്ത വിമർശനവുമായി പ്രതിപക്ഷം
Suvendu Adhikari
cancel
camera_alt

സുവേന്ദു അധികാരി 

കൊൽക്കത്ത: ബംഗാളിൽ പശുക്കളെ വിവേചനരഹിതമായി കശാപ്പ് ചെയ്യാൻ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. സംസ്ഥാനത്തെ ഗോശാലകൾക്ക് ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക പ്രസ്താവന. തിങ്കളാഴ്ച നബന്നയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

1950ലെ കന്നുകാലി നിയമപ്രകാരം അറവുശാലകൾ പ്രവർത്തിപ്പിക്കുന്നതും പശുക്കളെ വിവേചനരഹിതമായി കശാപ്പ് ചെയ്യുന്നതും രണ്ടും രണ്ടാണെന്ന് സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി. ‘കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വേണം അറവുശാലകൾ പ്രവർത്തിക്കാൻ. എന്നാൽ പശുക്കളെ വിവേചനരഹിതമായി കശാപ്പ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി നേരിടേണ്ടിവരും’ സുവേന്ദു അധികാരി അറിയിച്ചു.

1950ലെ വെസ്റ്റ് ബംഗാൾ അനിമൽ സ്ലോട്ടർ കൺട്രോൾ ആക്ട് ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു. പശുക്കൾ, കിടാങ്ങൾ, കാളകൾ, പോത്തുകൾ എന്നിവയുൾപ്പെടെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് മുൻപ് പാലിക്കേണ്ട നിരവധി വ്യവസ്ഥകൾ ഈ നിയമത്തിലുണ്ട്. ബംഗാളിൽ ഗോവധം പൂർണ്ണമായി നിരോധിച്ചിട്ടില്ലെങ്കിലും, 1950ലെ നിയമപ്രകാരം കർശന നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

ഈ നിയമമനുസരിച്ച്, തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വെറ്ററിനറി സർജനും സംയുക്തമായി ഒപ്പിട്ട സർട്ടിഫിക്കറ്റ് അറവുശാലകൾക്ക് ആവശ്യമാണ്. സാധാരണയായി 14 വയസ്സിന് മുകളിലുള്ളതോ, ജോലിക്കോ പ്രജനനത്തിനോ ശേഷിയില്ലാത്തതോ ആയ കന്നുകാലികളെയാണ് നിയമപ്രകാരം കശാപ്പ് ചെയ്യാൻ അനുവദിക്കുന്നത്. വിവേചനരഹിതമായ ഗോവധത്തിനെതിരെ നിലവിലുള്ള നിയമങ്ങൾക്ക് പുറമെ കോടതി ഉത്തരവുകളുമുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

നിയമം കൃത്യമായി പാലിച്ചാൽ മാത്രമേ അറവുശാലകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അനധികൃത ഗോവധം തടയാൻ കൂടുതൽ കർശനമായ നിയമനിർമാണം നടത്തുമെന്നും പ്രഖ്യാപിച്ചു. ‘ഞങ്ങൾ കന്നുകാലി നിയമം ഇതിനകം തന്നെ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ട്. ചിലർ ഇപ്പോഴും നിയമവിരുദ്ധമായി പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ പശുക്കളെ കശാപ്പിൽ നിന്ന് രക്ഷിക്കാൻ കർശനമായ നിയമനിർമാണം കൊണ്ടുവരും മുഖ്യമന്ത്രി പറഞ്ഞു.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നിൽ ഹിന്ദുത്വ രാഷ്ട്രീയം നിർണ്ണായക പങ്കുവഹിച്ചതായും, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിൽ ഭൂരിഭാഗവും ലക്ഷ്യമിട്ട് ഇത് തുടരാനാണ് പാർട്ടി നീക്കമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.

ഗോവധവുമായി ബന്ധപ്പെട്ട സുവേന്ദു അധികാരിയുടെ പ്രഖ്യാപനത്തെ വിഷയങ്ങളിൽ നിന്നുള്ള വഴിതിരിച്ചുവിടൽ തന്ത്രമായും ഭൂരിപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായും സിപിഎമ്മും കോൺഗ്രസും വിശേഷിപ്പിക്കുന്നത്. ‘മുഖ്യമന്ത്രിയുടെ പ്രസ്താവന കാപട്യവും വഴിതിരിച്ചുവിടൽ തന്ത്രവുമായാണ് ഞങ്ങൾ കാണുന്നത്. ഉത്തർപ്രദേശിലും ബിജെപി ഇതേ കാര്യമാണ് പറഞ്ഞത്. എന്നാൽ പിന്നീട് ബീഫ് വ്യാപാരത്തിലെ വൻകിടക്കാർ ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇലക്ടറൽ ബോണ്ടിലൂടെ ബീഫ് വ്യാപാരികളിൽ നിന്ന് പണം വാങ്ങുന്നത് ബിജെപിയാണെന്നും കോൺഗ്രസ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Strict Cow Slaughter Rules Ahead in Bengal
Next Story