ഡിജിറ്റൽ അറസ്റ്റിനെതിരെ കടുത്ത നടപടി വേണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉന്നത കോടതി വിധികൾ പോലും കെട്ടിച്ചമച്ചുണ്ടാക്കിയതിൽ അമ്പരപ്പ് പ്രകടിപ്പിച്ച സുപ്രീംകോടതി രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ സ്വമേധയാ കേസെടുത്തു. രാജ്യവ്യാപകമായി കടുത്ത നടപടി ഇക്കാര്യത്തിലുണ്ടാകണമെന്നും കേന്ദ്ര, സംസ്ഥാന പൊലീസുകളുടെ സംയുക്ത നീക്കം വേണമെന്നും ജസ്റ്റിസുമാരായ എ. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു. ഏറെ ആശങ്കയുണർത്തുന്നതെന്ന് വിശേഷിപ്പിച്ച് വിഷയത്തിൽ സി.ബി.ഐയുടെ പ്രതികരണവും അറ്റോണി ജനറലിന്റെ സഹായവും സുപ്രീംകോടതി തേടി.
സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ പേരും സീലും അധികാരവും ക്രിമിനൽ ദുരുപയോഗം ചെയ്ത് വ്യാജ രേഖകളുണ്ടാക്കുന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്നും അത്തരം ക്രിമിനൽ നടപടികളെ സാധാരണ വഞ്ചനയും സൈബർ ക്രൈം ആയും കാണാൻ കഴിയില്ലെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. കഴിഞ്ഞ മാസം വ്യാജ കോടതി വിധി കാണിച്ച് നടത്തിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലുടെ ജീവിത സമ്പാദ്യമായ ഒന്നരക്കോടി നഷ്ടപ്പെട്ട മുതിർന്ന പൗരന്മാരായ അംബാല ദമ്പതികൾ സുപ്രീംകോടതിക്ക് അയച്ച പരാതിയെ തുടർന്നാണ് സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്.
സാധാരണ ഗതിയിൽ ഇത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തി യുക്തിസഹമായ തീർപ്പിലെത്തിക്കാൻ സംസ്ഥാന പൊലീസിനോടാണ് സുപ്രീംകോടതി ആവശ്യപ്പെടാറുള്ളതെന്ന് ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ഈ തട്ടിപ്പുകാർ സുപ്രീംകോടതിയുടെ പേരിൽ നിരവധി കോടതി ഉത്തരവുകൾ കെട്ടിച്ചമച്ചുണ്ടാക്കിയിരിക്കുന്നു. സുപ്രീംകോടതി ജഡ്ജിയുടെയും ഇ.ഡി ഉദ്യോഗസ്ഥന്റെയും ഒപ്പും സുപ്രീംകോടതിയുടെ സീലും കൃത്രിമമായുണ്ടാക്കി സെപ്റ്റംബർ ഒന്നിന് സുപ്രീംകോടതിയുടെ പേരിൽ അനധികൃത പണമിടപാട് തടയൽ നിയമപ്രകാരം ഇറക്കിയ അക്കൗണ്ട് മരവിപ്പിക്കൽ വ്യാജ വിധിയും ഇതിലുൾപ്പെടും. വ്യാജ കോടതി വിധികളിലൂടെ കോടതിക്കുമേൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ അടിത്തറക്കാണ് ആഘാതമേൽക്കുകയെന്ന് കോടതി തുടർന്നു.
ബോംബെ ഹൈകോടതിയുടെ വ്യാജ നടപടിക്രമവും സി.ബി.ഐ, ഇ.ഡി എന്നിവയുടെ വ്യാജ അന്വേഷണങ്ങളും അരങ്ങേറി. അംബാലയിൽ രജിസ്റ്റർ ചെയ്ത രണ്ട് ഡിജിറ്റൽ അറസ്റ്റ് കേസുകൾ തട്ടിപ്പുകാർ മുതിർന്ന പൗരന്മാരെ പ്രത്യേകം ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായി മാധ്യമ റിപ്പോർട്ടുകളുമുണ്ട്. അതിനാൽ രാജ്യവ്യാപകമായി കടുത്ത നടപടി ഇക്കാര്യത്തിലുണ്ടാകണമെന്നും കേന്ദ്ര, സംസ്ഥാന പൊലീസുകളുടെ സംയുക്ത നീക്കം ഇതിന് വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതേസമയം, അംബാലയിലെ കേസിൽ ഹരിയാന പൊലീസിനോടും സുപ്രീംകോടതി പ്രതികരണം തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സി.ബി.ഐ ഡയറക്ടർ, ഹരിയാന ആഭ്യന്തര സെക്രട്ടറി, അംബാല സൈബർ ക്രൈം എസ്.പി എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

