'വോട്ട് കിട്ടിയില്ല, വെളിച്ചവുമില്ല'; ബി.ജെ.പി സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ തെരുവുവിളക്കുകൾ നീക്കിയതായി ആരോപണം
text_fieldsജയ്പൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാർഥി പരാജയപ്പെട്ടതിനു പിന്നാലെ ഗ്രാമത്തിലെ തെരുവുവിളക്കുകൾ അഴിച്ചുമാറ്റിയെന്ന് ആരോപണം. വിളക്കുകൾ അഴിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
ടോങ്ക് ജില്ലയിലെ പീപ്ലു പഞ്ചായത്ത് സമിതിക്ക് കീഴിലുള്ള റാണോളി ഗ്രാമപഞ്ചായത്തിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗ്രാമത്തിലെ കോളനികൾ ഇരുട്ടിലാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 24ന് കുംഹാരോൺ കി ധാണി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര എന്നീ ഗ്രാമങ്ങളിലെ പലയിടങ്ങളിലും 50ഓളം തെരുവുവിളക്കുകൾ സ്ഥാപിക്കുകയായിരുന്നു.
നിവായ് മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റ് അലോക് ശർമ്മയുടെ നേതൃത്വത്തിലാണ് വിളക്കുകൾ സ്ഥാപിച്ചതെന്ന് ഗ്രാമവാസികൾ പറയുന്നു. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ അലോക് ശർമ്മയുടെ ഭാര്യ പ്രിയങ്ക ശർമ്മയായിരുന്നു ഈ വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി. വോട്ടർമാരെ സ്വാധീനിക്കാനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിളക്കുകൾ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിലുള്ള രാഷ്ട്രീയ പകപോക്കലാണിതെന്ന് ഗ്രാമവാസികൾ ആരോപിക്കുമ്പോൾ, അനധികൃത വൈദ്യുതി കണക്ഷനുകളും കുടിശ്ശികയുമാണ് നടപടിക്ക് കാരണമെന്ന് വൈദ്യുതി ബോർഡ് അധികൃതർ വിശദീകരിക്കുന്നു. അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തന്നെ വിളക്കുകൾ നീക്കം ചെയ്തതിന്റെ സമയക്രമം നാട്ടുകാർ ചോദ്യം ചെയ്യുകയാണ്.
ജയ്പൂർ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന്റെ ഫോൾട്ട് റിപ്പയർ ടീം കുംഹാരോൺ കി ധാണിയിലെ പത്തോളം തൂണുകളിൽ നിന്ന് വിളക്കുകൾ നീക്കം ചെയ്തു. എന്നാൽ, നാട്ടുകാർ സംഘടിച്ച് ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ഉദ്യോഗസ്ഥർ നടപടി നിർത്തിവെക്കാൻ നിർബന്ധിതരായി. ഒടുവിൽ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർപഞ്ചുമാർ (പഞ്ചായത്ത് പ്രസിഡൻറ്) ഈ വിളക്കുകളുടെ വൈദ്യുതി ബിൽ അടയ്ക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് ബാക്കിയുള്ള 40-ഓളം വിളക്കുകൾ അഴിച്ചുമാറ്റുന്നത് ഒഴിവാക്കിയത്.
രാജസ്ഥാനിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മികച്ച പ്രകടനം നടത്തിയെങ്കിലും ഗ്രാമീണ മേഖലയിൽ അതേ നേട്ടം ആവർത്തിക്കാനായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണകക്ഷിക്ക് ഗ്രാമീണ മേഖലയിൽ പിന്തുണ കുറഞ്ഞതായി സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കി. 1,271 ജില്ലാ പരിഷത്ത് സീറ്റുകളിൽ 794 എണ്ണവും 7,520 പഞ്ചായത്ത് സമിതി സീറ്റുകളിൽ 3,758 എണ്ണവും കോൺഗ്രസ് നേടി.
ബി.ജെ.പിക്ക് 357 ജില്ലാ പരിഷത്ത് സീറ്റുകളും 2,213 പഞ്ചായത്ത് സമിതി സീറ്റുകളും ലഭിച്ചു. രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആർഎൽപി) 51 ജില്ലാ പരിഷത്ത് സീറ്റുകളും 497 പഞ്ചായത്ത് സമിതി സീറ്റുകളും നേടി.

