സിതാപൂർ: ഉത്തർപ്രദേശിൽ വീണ്ടും നായുടെ ആക്രമണത്തിൽ കുഞ്ഞ് കൊല്ലപ്പെട്ടു. സിതാപൂരിനടുത്ത മഹേഷ്പൂർ ഗ്രാമത്തിലാണ് പുതിയ സംഭവം. 12 വയസ്സുകാരിയായ റീനയാണ് നായ്കൂട്ടത്തിെൻറ ആക്രമണത്തിനിരയായി ദാരുണമായി മരിച്ചത്. ഇതോടെ, ആറുമാസത്തിനകം സിതാപൂർ ജില്ലയിൽ നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. മേയ് മാസത്തിൽ മാത്രം സംസ്ഥാനത്ത് ഏഴുപേരാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അക്രമകാരികളായ നായ്ക്കളെ പിടികൂടുന്നുണ്ടെന്നും ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ഖൈറാബാദ് പൊലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി പറഞ്ഞു. ൈഖറാബാദ് മേഖലയിലെ 22 ഗ്രാമങ്ങളിൽ നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ ജനം ഭീതിയിലിരിക്കെ, സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെടുന്നത് പതിവായിരിക്കെ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. വെള്ളിയാഴ്ച ജില്ലയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിതാപൂർ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും അനുവദിച്ചു.