തെരുവ് നായ ആക്രമണം: സുപ്രീം കോടതിയുടെ വിധി ഇന്ന്
text_fieldsന്യൂഡൽഹി: രാജ്യത്ത് തെരുവ് നായകളുടെ എണ്ണം കൂടുന്നതും അവ മനുഷ്യരെ ആക്രമിക്കുന്നതും സംബന്ധിച്ച സുപ്രധാന കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മൃഗസ്നേഹികളും തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും തമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായ ഈ കേസിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
കഴിഞ്ഞ ജനുവരി 29-ന് കേസിന്റെ വാദം പൂർത്തിയായിരുന്നു. ആക്രമണകാരികളല്ലാത്ത തെരുവ് നായകളെ വന്ധ്യംകരണവും വാക്സിനേഷനും നടത്തി അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടാമെന്നാണ് കോടതി നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഹൈവേകൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റാൻ 2025 നവംബറിൽ കോടതി താൽക്കാലിക ഉത്തരവിട്ടിരുന്നു.
തെരുവ് നായകളുടെ കടിയേറ്റ് ആർക്കെങ്കിലും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം നഗരസഭകൾക്കോ പഞ്ചായത്തുകൾക്കോ മാത്രമല്ല ആ നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളുകൾക്ക് കൂടിയായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നായകൾക്ക് ദിവസവും ഭക്ഷണം നൽകുന്നവർക്ക് അവ മറ്റുള്ളവരെ ആക്രമിക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നാണ് കോടതിയുടെ പക്ഷം.
അസം പോലുള്ള സംസ്ഥാനങ്ങളിൽ ഒരു വർഷം ഒന്നര ലക്ഷത്തിലധികം പേർക്ക് നായയുടെ കടിയേറ്റ കണക്കുകൾ 'ഞെട്ടിക്കുന്നത്' ആണെന്ന് കോടതി പറഞ്ഞിരുന്നു. 2025 ജൂലൈയിൽ തെരുവ് നായകളുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസാണിത്.
ആദ്യം നായകളെ മുഴുവൻ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോടതി ആ ഉത്തരവ് തിരുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മൃഗങ്ങളുടെ ക്ഷേമവും മനുഷ്യരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന സുപ്രീം കോടതിയുടെ ഇന്നത്തെ വിധി രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

