പശുമോഷണം ആരോപിച്ച് മധ്യപ്രദേശിൽ വിചിത്ര ശിക്ഷ
text_fieldsദാമോ (മധ്യപ്രദേശ്): പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ഗ്രാമീണർ യുവാവിന്റെ മീശയും തലയും പകുതി വടിക്കുകയും മുഖത്ത് കരിപൂശുകയും ചെയ്തു. മധ്യപ്രദേശിൽ ദാമോ ജില്ലയിലെ മറുതൽ ഗ്രാമത്തിൽ സീതാറാം എന്നയാളാണ് വിചിത്ര ശിക്ഷക്ക് ഇരയായത്.
ഒരു കൂട്ടം ഗ്രാമവാസികൾ ചേർന്ന് മീശയും തലമുടിയും പകുതി വടിച്ച് മുഖത്ത് കരിപൂശി ഗ്രാമം മുഴുവൻ ചുറ്റിനടത്തിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു ദിവസം മുമ്പ് പശുവിനെ കാണാതായെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമവാസികൾ സീതാറാമിനെ പിടികൂടുകയായിരുന്നുവെന്നും പശുവിന്റെ ഉടമ പറഞ്ഞു.
താൻ മറ്റൊരാളുമായി ചേർന്ന് പശുവിനെ മോഷ്ടിച്ചതായി സീതാറാം സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ജബൽപുർ നക പൊലീസ് പാണ്ഡെ ഗ്രാമത്തിലെത്തി സീതാറാമിനെ കസ്റ്റഡിയിലെടുത്തു.

