
ലലമാവു മാവയയിലെ ഗ്രാമീണർ പശുക്കളുമായി Photo: spi.org.in
കാലികളെ തെളിച്ച് കർഷകർ യോഗി ആദിത്യനാഥിെൻറ വസതിയിലേക്ക് നടത്തിയ മാർച്ചിെൻറ കഥ
text_fieldsനരേന്ദ്ര മോദി അധികാരമേറിയതോടെ ഇന്ത്യയിൽ പുതുതായി വേരുപടർത്തിയ പ്രതിഭാസമാണ് പശു ഭീകരത. ആൾക്കൂട്ട ആക്രമണം പെരുകി; പലപ്പോഴും മരണത്തിൽ കലാശിച്ചു. ഇരകളിലേറെയും മുസ്ലിംകളുമായി. ദളിതുകളാണ് അടി കിട്ടിയ രണ്ടാം വിഭാഗം. മറുവശത്ത്, ഈ അത്രികമങ്ങൾ നടത്തിയവർ ശിക്ഷിക്കപ്പെട്ടതേയില്ല. എഫ്.ഐ.ആറിൽ പ്രതികളായി പേരുവന്നത് ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും മാത്രം.
പശു ഭീകരത കാരണം പശുക്കളുടെ വിൽക്കൽ-വാങ്ങലുകൾ നിലച്ചു. പ്രായംചെന്ന് അവശമായ പശുവിനെയും കാളകളെയും വഴിയിൽ തള്ളുക മാത്രമാകും കർഷകനു മുന്നിലെ വഴി. പല ഗ്രാമങ്ങളിലും ഇത്തരം കാലികൾ ഒഴിയാബാധയായി മാറി. വയലിലിറങ്ങി വിളകൾ തിന്നാകും ഇവ ക്ഷുത്തടക്കുക. 'നീലക്കാള'കളായിരുന്നു മുമ്പുകാലത്ത് ഈ ഗ്രാമങ്ങളെ മുനയിൽ നിർത്തിയത്. അവ പക്ഷേ, മനുഷ്യരെ കണ്ടാൽ ഓടും. പക്ഷേ, മുമ്പ് മനുഷ്യർക്കൊപ്പം വസിക്കുകയും ഇപ്പോൾ സ്വതന്ത്രരാകുകയും ചെയ്ത കാലികൾ മനുഷ്യരെ കണ്ടാൽ വഴിമാറില്ല. ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറിയതോടെ കർഷകർക്ക് ആധി കൂട്ടിയ വിഷയങ്ങളിലൊന്നാണിത്.
കാലികൾ തിന്നൊടുക്കിയ വിളകൾക്ക് എവിടെനിന്ന് അവർക്ക് പണം ലഭിക്കും. അതോ ഇതും ഭരണകക്ഷിയുടെയും സർക്കാറിെൻറയും നയ നിലപാടുകളുടെയും ഭാഗമായിരുന്നോ? ബാധ്യത വീട്ടാനാകാത്തവരെ തഹ്സിൽ കെട്ടിടങ്ങളിൽ അടച്ചുപൂട്ടി അവരുടെ ആസ്തി കണ്ടുകെട്ടുന്ന രീതിയുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഓരോ ഗോശാലകൾ സ്ഥാപിക്കണമെന്ന് കർഷകരുടെ ആവശ്യമാണ്. സർക്കാർ പക്ഷേ, അത് ചെവികൊണ്ടിട്ടില്ല. പലയിടത്തും ഇത് സ്ഥാപിക്കുമെന്ന പ്രഖ്യാപനം മാത്രം ബാക്കി.
സർക്കാർ ചെലവിൽ നൽകുന്ന പരസ്യങ്ങളിലൊക്കെയും യോഗിയുടെ ചിത്രം കാണാം. പശുക്കൾക്ക് ചക്കരയൂട്ടുന്ന ചിത്രങ്ങൾ. പക്ഷേ, വസ്തുത നേരെ മറിച്ചും. ലഖ്നോയിൽനിന്ന് 70 കിലോമീറ്റർ ദൂരെ ഹർഡോയ് ജില്ലയിലെ ലലമാവു മാവയ ഗ്രാമത്തിൽ കൃഷിയിടങ്ങളിൽ മേയുന്ന പശുക്കളെ കൊണ്ട് പൊറുതിമുട്ടിയ കർഷകർ ഒരു കാര്യം തീരുമാനിച്ചു. ജില്ലാ അധികൃതർക്ക് അവർ പരാതി നൽകി. പരാതിപ്രകാരം കാലികളെ ടാഗ് അണിയിക്കാനായി വെറ്ററിനറി ഓഫീസിൽനിന്ന് ആളെത്തി. 52 പശുക്കളെയായിരുന്നു ഗ്രാമവാസികൾ ഒരുമിച്ചുകൂട്ടിയിരുന്നത്. ഈ കാലികളെ രണ്ടു ഗോശാലകളിലേക്ക് കൊണ്ടുപോകാനായിരുന്നു ഇയാളുടെ ഉത്തരവ്. കൊണ്ടുപോകാൻ പക്ഷേ, സർക്കാറിെൻറ പക്കൽ പണമില്ലെന്ന് കൂടി ഇയാൾ അറിയിച്ചു.
ഗോശാലകളിലൊന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണെങ്കിൽ മറ്റൊന്നിലേക്ക് 15 കിലോമീറ്ററുണ്ട്. 35 ഗ്രാമവാസികളടങ്ങിയ സംഘം 28 കാലികളുമായി പവയാൻ ഭഗവന്തപൂരിലുള്ള രണ്ടാം ഗോശാലയിലേക്ക് പുറപ്പെട്ടു. നടന്നുനടന്ന് കർഷകർ എത്തിയപ്പോഴേക്ക് സമയം വൈകിയിരുന്നു. കാലികളെ കണ്ട പവയാൻ ഭഗവന്തപൂർ നിവാസികൾ അരിശംകൊണ്ടു. സർക്കാർ സംവിധാനം സഹായത്തിനില്ലാത്തതിനാൽ നിലവിലെ ഗോശാല കേടുവന്നുകിടക്കുകയാണെന്നും അവിടെ നേരത്തെ പാർപ്പിച്ചവ തന്നെ ഗ്രാമത്തിൽ അലയുകയാണെന്നുമായിരുന്നു നാട്ടുകാരുടെ പരിഭവം.
കാലികളെ ലലമാവോ മാവയ്യിലേക്ക് തിരികെ കൊണ്ടുപോകണമെന്നാണ് ആവശ്യം. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നേരത്തെ എത്തിയ വെറ്ററിനറി ഓഫീസർ ഫോൺ സ്വിച്ചോഫ് ചെയ്തു. ആരാണ്, എന്തിനാണ് വിളിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു സബ് ഡിവിഷനൽ മജിസ്ട്രേറ്റിെൻറ മറുപടി. അടുത്ത ദിവസം രാവിലെ വരെ കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു. നാട്ടുകാർ സ്വരം കടുപ്പിച്ചേതാടെ കാലികളെയുമായി വന്നവർക്ക് മടങ്ങുക മാത്രമായിരുന്നു മുന്നിലുള്ള വഴി.
തിരിച്ചുള്ള വഴിയെ അവർ ബി.ജെ.പി അംഗവും ഗോ സംരക്ഷണ സേനാ നേതാവുമായ ഗ്യാനേന്ദ്ര സിങ്ങിനെ ചെന്നുകണ്ടു. പശുക്കളെയുമായി നാട്ടുകാരെ കണ്ടയുടൻ പതിവിൻ പടി ഇയാളും പരിവാരവും ആക്രമണം തുടങ്ങി. ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് വരുന്നതെന്നു പറഞ്ഞിട്ടും പൊലീസിനോട് സംസാരിപ്പിച്ചിട്ടും അതിക്രമം തുടർന്നു. രംഗം കണ്ട് ഭയക്രാന്തരായ കാലികൾ തലങ്ങും വിലങ്ങും ഓടി. അടികിട്ടി വലഞ്ഞ നാട്ടുകാർ അട്രോലി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. മർദനമേറ്റവരിൽ അഞ്ചു ദളിതുകളുമുണ്ടായിരുന്നു. രാത്രിയായതിനാൽ പിറ്റേന്നു വരാൻ പറഞ്ഞ് പൊലീസ് മടക്കി. ഡിസംബർ 28ന് പിന്നെയും ചെന്ന ലലമാവു മാവയ്ക്കാർ ഏറെനേരം കാത്തുനിന്ന ശേഷം വൈകുന്നേരം സ്റ്റേഷൻ ഹൗസ് ഓഫീസറെ കണ്ടു. പരാതി നൽകി. പിറ്റേന്ന് സബ് ഡിവിഷൻ മജിസ്ട്രേറ്റിനെ ജില്ലാ ആസ്ഥാനത്ത് പ്രകടനമായി ചെന്ന് പരാതിയും നൽകി. പക്ഷേ, എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ല.
പ്രവർത്തനം നിലച്ച ഗോശാലകളിൽ കഴിയേണ്ടിവരുന്ന പശുക്കൾ വൈകാതെ മെലിഞ്ഞുണങ്ങും. പലപ്പോഴും വാഹനാപകടങ്ങളിൽ ചത്തൊടുങ്ങും. പട്ടണങ്ങളിലെങ്കിൽ മാലിന്യക്കൂനകളിൽ ചെന്ന് പ്ലാസ്റ്റിക് ബാഗുകൾ അകത്താക്കി വിശപ്പടക്കാനാകും ഇവയുടെ ശ്രമം. അവഗണന മൂത്ത് പശുക്കൾ ചത്താൽ ഗോരക്ഷക ഗുണ്ടകൾ അറിഞ്ഞ മട്ടുണ്ടാകില്ല. അവർ പക്ഷേ, മാട്ടിറച്ചി കടത്തുന്നുവെന്നോ ഗോവധം നടന്നെന്നോ കേട്ടാൽ തുള്ളിയിറങ്ങും. ഗോശാലകൾ സ്ഥാപിക്കുന്നതിലും വ്യാപകമായ അഴിമതി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി, ആർ.എസ്.എസ് സംഘങ്ങൾക്ക് മാത്രമേ ഇവക്ക് അനുമതി ലഭിക്കൂ.
ലലമാവൂ മാവയ് ഗ്രാമവാസികൾ ഒടുവിൽ കടുത്ത തീരുമാനം തന്നെയെടുത്തു. അലഞ്ഞുതിരിഞ്ഞ കാലികളെ കൂട്ടി റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ അവർ തീരുമാനമെടുത്തു. അതിനായി ആഹ്വാനം മുഴങ്ങി. ജനുവരി 25ന് ഉന്നാവോ ജില്ലയിലെ മിയാഗഞ്ചിൽനിന്ന് ഒന്നും 26ന് ഹാർഡോയിയിലെ ലലാമാവു മാവയിൽനിന്ന് രണ്ടാമത്തേതും പുറപ്പെടാനായിരുന്നു പദ്ധതി. ഹസൻഗഞ്ച് സബ്ഡിവിഷനൽ മജിസ്ട്രേറ്റും സാൻഡില സർക്കിൾ ഓഫീസറും കൃത്യമായെത്തി രണ്ടു മൃഗയാത്രകളും പാതിവഴിയിൽ തടഞ്ഞു. കാലികളെ ഒരു ഗോശാലയിലേക്ക് അയച്ചു. ബി.ജെ.പി ഭാരവാഹിക്കെതിരെ എഫ്.ഐ.ആർ തയാറാകുകയും ചെയ്തു. ഇനി മേലിൽ കാലികൾ തെരുവിൽ മേയുന്ന സാഹചര്യമുണ്ടാകരുതെന്നും അങ്ങനെ സംഭവിക്കുന്നപക്ഷം ഗ്രാമപ്രധാനികൾ, ജില്ലാ വികസന ഓഫീസർമാർ എന്നിവർ കുറ്റക്കാരാകുമെന്നുമാണ് ഉന്നാവോ ജില്ല മജിസ്ട്രേറ്റിെൻറ ഉത്തരവ്.
(കടപ്പാട്: thewire.in മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.