ബംഗളൂരു: കർണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എല്ലാവരുടെയും കണ്ണ് അദ്ദേഹം ധരിച്ച പച്ച ഷാളിലായിരുന്നു. അധികാര മേൽക്കുമ്പോൾ സഫാരി സ്യൂട്ട് ധരിച്ചെത്തിയ യെദിയൂരപ്പ പച്ച ഷാളും പുതച്ചിരുന്നു.
കർണാടകയിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ലക്ഷം കോടിയുടെ കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉറപ്പു നൽകിയിരുന്നു. കർഷകരോടുള്ള പ്രതിബദ്ധതയെ പ്രതിനിധാനം ചെയ്യുന്നതിനായിരുന്നു യെദിയൂരപ്പ പച്ച ഷാൾ പുതച്ചെത്തിയത്. കർഷകരുടെയും ദൈവത്തിേൻറയും പേരിലാണ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്.
വസ്ത്രധാരണത്തിെൻറ പേരിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് യെദിയൂരപ്പ. സാമൂഹ്യ ക്ഷേമ വിഭാഗത്തിൽ ജോലി ചെയ്ത കാലത്ത് ഷർട്ടും പാന്‍റസുമായിരുന്നു അദ്ദേഹത്തിെൻറ വേഷം. പിന്നീട് ആർ.എസ്.എസ് പ്രചാരകനായതോടെ വെളുപ്പും കാക്കിയുമായി. മുതിർന്ന രാഷ്ട്രീയ നേതാവായതോടെ മിക്കവാറും സമയങ്ങളിൽ സഫാരി സ്യൂട്ടിലും ചില സമയങ്ങളിൽ ഷർട്ടും പാൻറ്സും ധരിച്ചുമാണ് അദ്ദേഹത്തെ കാണാറുള്ളത്. ആദ്യ തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അദ്ദേഹം സഫാരി സ്യൂട്ട് ധരിച്ചായിരുന്നു എത്തിയത്.