ശ്രീനഗർ: തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് നീങ്ങുന്നതിൽ നിന്ന് പിൻവാങ്ങണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്റേററ്റ് (ഇ.ഡി) മേധാവിക്ക് മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തിയുടെ കത്ത്. തെൻറ കുടുംബവുമായോ പാർട്ടിയുമായോ ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പിന്നിൽ തന്നെ വേട്ടയാടുകയാണ് ലക്ഷ്യം.
മരിച്ചു പോയ പിതാവിെൻറ സ്മാരകം, സഹോദരങ്ങളുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളാണ് ചോദ്യംചെയ്യലിൽ മുഴച്ചുനിൽക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചാണ് അന്വേഷണത്തിെൻറ മറവിൽ നടത്തുന്ന തിരച്ചിലുകൾ.
നിലനിൽക്കത്തക്ക തെളിവുകളൊന്നുമില്ലാതിരിക്കെ പാർട്ടിയുടെ യുവജനവിഭാഗം പ്രസിഡൻറ് വഹീദ പാറ ഉൾപ്പെടെ നാലുപേരെയാണ് ജില്ല വികസന സമിതി ഫലപ്രഖ്യാപന തലേന്ന് അറസ്റ്റ് ചെയ്തത്. തെൻറ നിരവധി ബന്ധുക്കളെയും പാർട്ടി നേതാക്കളെയും ജമ്മു- കശ്മീർ ഭരണകൂടം അന്യായ തടങ്കലിലാക്കിയിരുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച മഹ്ബൂബ നടപടിക്രമങ്ങൾ പാലിച്ച് നടത്തുന്ന ഏതന്വേഷണവും നേരിടാൻ സന്നദ്ധയാണെന്നും കൂട്ടിച്ചേർത്തു.