ന്യൂഡൽഹി: രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 'ഹിന്ദി ദിനത്തി'ൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. പ്രാദേശിക ഭാഷകളെ ഒതുക്കി ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാറിെൻറ നിലപാടിനെതിരെയാണ് കാമ്പയിൻ. കന്നഡ, തെലുഗു, തമിഴ് സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ 'സ്റ്റോപ്പ് ഹിന്ദി ഇംപോസിഷൻ' ഹാഷ്ടാഗുമായി രംഗത്തെത്തി.
സിനിമ താരങ്ങളായ പ്രകാശ് രാജ്, ധനജ്ഞയ, വസിഷ്ട എൻ. സിംഹ, ചേതൻ കുമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. 'സ്റ്റോപ്പ് ഹിന്ദി ഇംപോസിഷൻ' എന്ന ഹാഷ്ടാഗോടെ താരങ്ങൾ നിലപാടുകൾ പങ്കുവെക്കുകയായിരുന്നു.
സെപ്റ്റംബർ 14നാണ് ഹിന്ദി ദിനമായി ആചരിക്കുന്നത്. ഹിന്ദി ദിനമായ തിങ്കളാഴ്ച ഇതോടെ 'സ്റ്റോപ്പ് ഹിന്ദി ഇംപോസിഷൻ' ഹാഷ്ടാഗ് ട്രെൻഡിങ്ങാകുകയായിരുന്നു. 'എനിക്ക് നിരവധി ഭാഷകൾ അറിയാം. ഞാൻ നിരവധി ഭാഷകളിൽ േജാലിചെയ്യുകയും ചെയ്യുന്നു. പക്ഷേ എെൻറ പഠനം, ധാരണ, വേരുകൾ, ശക്തി, അഹങ്കാരം എല്ലാം എെൻറ മാതൃഭാഷയായ കന്നഡയാണ്. നോ ഹിന്ദി ഇംപോസിഷൻ' സൂപ്പർതാരം പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
നേരത്തേ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നിലപാടിനെതിരെ പ്രാദേശിക ഭാഷയിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മാതൃഭാഷയിൽ ഹിന്ദി വേണ്ടെന്ന് അച്ചടിച്ച ടീഷർട്ടുകൾ ധരിച്ചായിരുന്നു പ്രതിഷേധം.