‘മെറ്റ എഐ ഗ്ലാസ് ഉപയോഗിച്ച് എന്നെയും കേരള മുഖ്യമന്ത്രിയെയും സ്റ്റിങ് ഓപറേഷനിൽ കുടുക്കാൻ ശ്രമം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ
text_fieldsകർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: മെറ്റ എ.ഐ ഗ്ലാസ് ഉപയോഗിച്ച് തന്നെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ട് രഹസ്യ സ്റ്റിങ് ഓപറേഷൻ ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വകാര്യ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശിവകുമാറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
തന്നെ സന്ദർശിക്കാനെത്തിയ ഒരു വ്യവസായി ധരിച്ചിരുന്ന മെറ്റ സ്മാർട്ട് ഗ്ലാസാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് സന്ദർശകന്റെ നീക്കങ്ങളെക്കുറിച്ചും മറ്റ് രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകി. തന്നെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ വിപുലമായ സ്റ്റിങ് ഓപറേഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിരുന്നു ഈ സംഭവമെന്ന് ശിവകുമാർ ആരോപിച്ചു. ഉദ്യോഗസ്ഥർ മുഖേന അനുമതി വാങ്ങിയാണ് വ്യവസായി തന്നെ കാണാനെത്തിയത്. ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് മാറി. ബൂത്ത് തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കാൻ തുടങ്ങി. വ്യവസായിയുടെ സംസാരത്തിലെ മാറ്റവും ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകളുമാണ് സംശയത്തിനിടയാക്കിയതെന്നും ശിവകുമാർ പറയുന്നു.
തന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന്, അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നും മറുപടി നൽകി. “നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരാണ് പറഞ്ഞത്? നിങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലെന്നേയുള്ളൂ. ഞങ്ങൾ അത് വെളിപ്പെടുത്തുന്നില്ല, . ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്” -കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചക്കിടയിലും സന്ദർശകൻ ഇതേ മെറ്റ ഗ്ലാസ് ധരിച്ചിരുന്നു. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇയാൾ ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
എന്നാൽ, അഭിമുഖത്തിൽ സന്ദർശകന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. തന്നെ കുടുക്കാനുള്ള നീക്കങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പേഴ്സണൽ അസിസ്റ്റന്റുമാർ മുഖേനയും ഫോൺ കോളുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും മന്ത്രിമാരെ കുടുക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ ജാഗ്രത പാലിക്കാൻ മന്ത്രിസഭാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള സ്റ്റിങ് ഓപറേഷൻ ആരോപണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെയാണ് വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. ഒക്ടോബർ എട്ടിന് മന്ത്രിമാരെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശിവകുമാർ മന്ത്രിസഭാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഈ നീക്കങ്ങൾക്ക് പിന്നിലുള്ളവരെ തിരിച്ചറിയുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

