
'ഞാൻ ജീവിച്ചിരിപ്പുണ്ട്'; മരണവാർത്തകളിൽ പ്രതികരിച്ച് മുംബൈ മേയർ
text_fieldsമുംബൈ: തന്റെ മരണവാർത്തകളോട് പ്രതികരിച്ച് മുംബൈ മേയർ കിഷോരി പെഡ്നേകർ. താൻ ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നുമായിരുന്നു മേയറുടെ പ്രതികരണം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് കിഷോരിയെ ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും മേയറുടെ വ്യാജ മരണവാർത്ത പ്രചരിക്കുകയായിരുന്നു.
ഇതോടെ പ്രതികരണവുമായി മേയർ ട്വിറ്ററിൽ പോസ്റ്റ് ഇടുകയായിരുന്നു. 'ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഗ്ലോബൽ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഞാൻ ദാൽ കിച്ചടിയും കഴിച്ചതായി നിങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു' -മേയർ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി ഞായറാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ അഡ്മിറ്റായി. കോവിഡ് രോഗമുക്തിക്ക് ശേഷമുള്ള പാർശ്വഫലങ്ങളാകാം നെഞ്ചുവേദനക്ക് കാരണമെന്ന് ഡെപ്യൂട്ടി മേയർ സുഹാസ് വാദ്കർ പറഞ്ഞു.
