‘ഇപ്പോഴും ബെഡ്ഡിൽനിന്നെഴുന്നേറ്റു നിൽക്കാനോ നടക്കാനോ കഴിയുന്നില്ല’; അഹമ്മദാബാദ് വിമാനാപകടത്തെ അതിജീവിച്ച ഒരേയൊരാളായ വിശ്വാസ് കുമാർ
text_fieldsലണ്ടൻ: അപകടം നടന്ന് നാലു മാസത്തോളമായിട്ടും താൻ ഇപ്പോഴും ശാരീരികമായും മാനസികമായും പ്രയാസമനുഭവിക്കുന്നുവെന്ന് അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ്. യു.കെ ആസ്ഥാനമായുള്ള സ്കൈ ന്യൂസ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ തന്റെ ദുരവസ്ഥ വിവരിച്ചത്.
‘അപകടത്തിൽ ഉണ്ടായ പരിക്കുകൾ ഇപ്പോഴും വേട്ടയാടുന്നു. കാൽമുട്ടിലും തോളിലും പുറകിലും വേദന അനുഭവപ്പെടുന്നു. പടികൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണെ’ന്നും രമേശ് പറഞ്ഞു. തനിക്ക് നാല് വയസ്സുള്ള ഒരു മകനുണ്ടെന്നും, എന്നാൽ വിമാന അപകടത്തിനു ശേഷം മകനോട് ശരിയായി സംസാരിച്ചിട്ടില്ലെന്നും കട്ടിലിൽ കിടപ്പും ഇരിപ്പുമായി ദിവസം മുഴുവൻ തള്ളിനീക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഇളയ സഹോദരൻ അജയ് അപകടത്തിൽ മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വേദനയോടെ അദ്ദേഹം പറഞ്ഞു. ‘അവൻ എനിക്ക് എല്ലാമായിരുന്നു. എന്റെ നട്ടെല്ലായിരുന്നു. അവൻ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’.
അപകടത്തിൽപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിന് എയർ ഇന്ത്യയിൽ സമ്മർദ്ദം ചെലുത്തണമെന്ന് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് വിശ്വാസ് കുമാറിന്റെ നിയമ ഉപദേഷ്ടാവായ റാഡ് സീഗർ.
ജൂൺ 12ന് ലണ്ടനിലേക്ക് മടങ്ങാൻ എയർ ഇന്ത്യ ഫ്ലൈറ്റ് പിടിക്കാൻ ദിയുവിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയതായിരുന്നു രമേശും സഹോദരൻ അജയും. അവർ കയറിയ ബോയിങ് വിമാനം, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ ഒരു മെഡിക്കൽ കോളജ് സമുച്ചയത്തിലേക്ക് ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും ജീവനക്കാരായ 34 പേരും മരിച്ചു.
രമേഷ് എമർജൻസി എക്സിറ്റിന് സമീപമുള്ള സീറ്റിൽ ആയിരുന്നു ഇരുന്നത്. അപകടത്തിനു ദിവസങ്ങൾക്ക് ശേഷം ദൂരദർശന് നൽകിയ അഭിമുഖത്തിൽ താൻ ഇരുന്നിരുന്ന വിമാനത്തിന്റെ ഭാഗം കോളജ് ഹോസ്റ്റൽ വളപ്പിന്റെ താഴത്തെ നിലയിൽ വീണുപോയെന്നും വാതിൽ തകർന്നിരിക്കുന്നതായി കണ്ടപ്പോൾ പുറത്തേക്ക് വന്നെന്നും വെളിപ്പെടുത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് രമേശ് നടന്നുവരുന്നതിന്റെ അമ്പരപ്പിക്കുന്ന വിഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

