തൂത്തുക്കുടി സ്റ്റെറിലൈറ്റ് ഫാക്ടറി സമരം: നിലപാട് മാറ്റി നാട്ടുകാർ; ഫാക്ടറി തുറക്കുന്നവർക്കേ ഇനി വോട്ടുള്ളൂ
text_fieldsസ്റ്റെിലൈറ്റ് സമരം
തൂത്തുക്കുടി: തൂത്തുക്കുടിയിലെ പ്രശസ്തമായ സ്റ്റെറിലൈറ്റ് സമരത്തിന് നാടകീയ പരിണാമം; ഒരു കാലത്ത് രാജ്യത്തുതന്നെ ശ്രദ്ധേയമായ സമരത്തിൽ നിന്ന് നാട് ഒന്നടങ്കം പിൻമാറി. ഇപ്പോൾ ഫാക്ടറി തുറക്കാനാണ് സമരം. സ്റ്റെറിലൈറ്റ് ചെമ്പു ഫാക്ടറി തുറക്കാൻ സഹായിക്കുന പാർട്ടിക്കു മാത്രമേ തങ്ങൾ വോട്ടു നൽകൂ എന്നാണ് നാട്ടുകാരുടെ ഒന്നടങ്കമുള്ള നിലപാട്.
കുമാരറെഡ്യാപുരം, തേർക്കുവീരപാണ്ഡ്യപുരം, പണ്ടാരംപട്ടി, തെരേസ് പുരം, മടത്തൂർ, അയ്യനടിപ്പ് എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾ ഒന്നടങ്കമാണ് തങ്ങളുടെ മുൻ നിലപാടിന് കടകവിരുദ്ധമായി ചെമ്പ് ഫാക്ടറി തുറപ്പിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. ഫാക്ടറി തുറപ്പിക്കണമെന്ന ആവശ്യവുമായി ഈ ഗ്രാമങ്ങളിലെ ജനങ്ങൾ ഒന്നടങ്കം തുത്തുക്കുടി ജില്ലാ കലക്ടറേറ്റിന് മുന്നിലെത്തി തങ്ങളുടെ ആവശ്യം ഉന്നയിച്ചു.
എട്ടുവർഷം മുമ്പ് ചില സംഘടനകൾ തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് നയിച്ച് ഫാക്ടറി പുട്ടിച്ചതെന്നും പിന്നീടാണ് അതിന്റെ പ്രത്യാഘാതം അനുഭവിച്ചതെന്നും നാട്ടുകാർ പറയുന്നു. ഫാക്ടറി പൂട്ടിയതോടെ തങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായും നാട് പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും നാട്ടുകാർ പറയുന്നു. സ്റ്റെറിലൈറ്റ് ഫാക്ടറി തുറപ്പിക്കാൻ സഹായിക്കുന്ന പാർട്ടിക്ക് മാത്രമേ തങ്ങൾ വോട്ട് ചെയ്യുകയുള്ളൂ എന്ന പ്ലക്കാഡ് ഉയർത്തിയാണ് നാട്ടുകാർ സമരം ചെയ്യുന്നത്. ഫാക്ടറി തുറക്കാൻ അനുമതി നൽകണമെന ആവശ്യമുന്നയിച്ച് ഇവർ കലക്ടർക്ക് നിവേദനവും നൽകി.
ഫാക്ടറി ഉള്ള കാലത്ത് പലർക്കും ജോലി ഉണ്ടായിരുന്നു. ധാരാളം വീടുകൾ വാടകക്ക് കൊടുത്ത് വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ പണിയില്ലാതെ നാട്ടുകാർ നാടുവിടുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. ഇത് ഒരു രാഷ്ട്രീയ ആയുധമാക്കി തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

