എസ്.സി, എസ്.ടി സംവരണത്തിൽ ഉപസംവരണം; നിർണായക വിധിയുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നൽകാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചു. എസ്.സി, എസ്.ടി സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള മുഴുവൻ സീറ്റുകളും അതി പിന്നാക്കക്കാർക്കായി നീക്കി വെക്കരുതെന്നും അതി പിന്നാക്കക്കാർക്കുള്ള ഉപസംവരണം സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഒന്നിനെതിരെ ആറ് ജഡ്ജിമാർ പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയിലാണ് 2004ലെ സുപ്രീംകോടതി വിധി റദ്ദാക്കിയുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ബേല എം. ത്രിവേദിയുടേതാണ് ഭിന്ന വിധി.
പട്ടികജാതി പട്ടികവർഗ സമുദായങ്ങൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണത്തിൽ നിന്ന് മേൽത്തട്ടുകാരെ ഒഴിവാക്കണമെന്ന് ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വിധിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ്, പങ്കജ് മിത്തൽ, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് ഇങ്ങനെ വിധിച്ചത്.
സംവരണ വിഭാഗങ്ങളിൽ അതിപിന്നാക്കക്കാർക്കുള്ള ഉപസംവരണം ഭരണഘടനയുടെ 14ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയെ ഹനിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. അതേസമയം സർക്കാറുകൾക്ക് തന്നിഷ്ടപ്രകാരമോ രാഷ്ട്രീയ കാര്യസാധ്യത്തിനോ ഉപസംവരണം നൽകാനാവില്ലെന്നും അത് കോടതിയുടെ പരിശോധനക്ക് വിധേയമാകുമെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
2004ലെ ഇ.വി. ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി. എസ്.സി, എസ്.ടിക്കാരിലെ അതി പിന്നാക്കക്കാർക്കായി ഉപസംവരണം നൽകുന്നത് ഭരണഘടനയുടെ 14, 341 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര മിശ്ര എന്നിവരും ഇതിനെ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

