Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ, അനുവദിച്ചാൽ നിങ്ങൾ എതിർക്കുമോയെന്ന് കോടതി; നാളെയും വാദം തുടരും

text_fields
bookmark_border
Hijab ban
cancel

ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി സർക്കാർ പ്രീയൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ കർണാടക ഹൈകോടതിയിൽ ഏഴാംദിവസത്തെ വാദം പൂർത്തിയായി. ഹരജിയിൽ കർണാടക സർക്കാറിന്‍റെ വാദങ്ങളാണ് കോടതി ഇന്ന് കേട്ടത്. വാദം നാളെയും തുടരും.

സർക്കാർ ഹിജാബിന് നിരോധനമേർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദ്ഗി കോടതിയെ അറിയിച്ചു. ഹരജിക്ക് കാരണമായ ഫെബ്രുവരി അഞ്ചിലെ ഉത്തരവ് ഹിജാബിന് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ളതല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം നിർദേശങ്ങൾ വിദ്യാർഥികൾ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് നടപ്പാക്കൽ വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ച കാര്യമാണെന്നും എ.ജി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹിജാബ് അനുവദിക്കുകയാണെങ്കിൽ സർക്കാർ എതിർക്കുമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അത്തരമൊരു വിഷയം ഉയരുകയാണെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്ന് എ.ജി മറുപടി നൽകി. സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നിലപാടെടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോളജ് നിർദ്ദേശിക്കുന്ന അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അവർക്ക് അനുമതി നൽകണമെന്നാണ് വാദിക്കുന്നത്. ഞങ്ങൾക്ക് സംസ്ഥാനത്തിന്റെ നിലപാട് അറിയണമെന്നുണ്ട്. യൂണിഫോമിന്‍റെ ഭാഗമായി ദുപ്പട്ട അണിയുകയാണെങ്കിൽ അത് അനുവദിക്കാനാകുമോ? -ചീഫ് ജസ്റ്റിസ് ചോദിച്ചു.

യൂണിഫോം തീരുമാനിക്കാനുള്ള സമ്പൂർണ അധികാരം വിദ്യാഭ്യാസ സ്ഥാപനത്തിനാണെന്ന് എ.ജി അറിയിച്ചു. എന്നാൽ, മതപരമായ ചിഹ്നമായ വസ്ത്രമോ ആഭരണങ്ങളോ അനുവദിക്കാമോയെന്നാണ് ചോദ്യമെങ്കിൽ, യൂണിഫോമിന്‍റെ ഭാഗമായി മതപരമായ ചിഹ്നങ്ങൾ ഉണ്ടാവരുതെന്നാണ് സർക്കാറിന്‍റെ നിലപാട്. മതേതര അന്തരീക്ഷം വളർത്തിയെടുക്കുമെന്ന കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ ആമുഖത്തിലാണ് കോടതിയുടെ ചോദ്യത്തിന് ഉത്തരമുള്ളതെന്നും എ.ജി പറഞ്ഞു. നിലവിൽ കാമ്പസുകൾക്കുള്ളിൽ ഹിജാബിന് നിരോധനമില്ല. ക്ലാസ് മുറിക്കകത്താണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹിജാബ് മതപരമായ ആചാരമാണെങ്കിലും മതപരമായ അനിവാര്യമായ ആചാരമല്ല. ഒരു പ്രത്യേക വസ്ത്രം ധരിക്കുക മതപരമായ ആചാരമായി മാറിയാൽ ബന്ധപ്പെട്ട സ്ത്രീകളെല്ലാം അത് ധരിക്കാൻ ബാധ്യസ്ഥരാകുമെന്നതാണ് ഈ കേസിലെ ബുദ്ധിമുട്ടുള്ള വിഷയം. ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാകും.

മനുഷ്യന്റെ അന്തസ്സിൽ ഉൾപ്പെടുന്നതാണ് സ്വാതന്ത്ര്യം. അതിൽ ഒരു വസ്ത്രം ധരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ് ഉൾപ്പെടുന്നു. ഒരു വസ്ത്രം നിർബന്ധമാക്കണമെന്ന ഹരജിക്കാരുടെ അവകാശവാദം ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. അങ്ങനെയൊന്ന് നിർബന്ധമാക്കാൻ കഴിയില്ല. അത് ബന്ധപ്പെട്ട സ്ത്രീകളുടെ തിരഞ്ഞെടുപ്പിന് വിടണം. മതപരമായ ഒരു വിവേചനവും ഇക്കാര്യത്തിൽ വെച്ചുപുലർത്തിയിട്ടില്ല. സ്വകാര്യ, സ്വാശ്രയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യൂണിഫോമിൽ ഒരു തരത്തിലുള്ള ഇടപെടലുമില്ല. അത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും അഡ്വക്കറ്റ് ജനറൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State Hasn't Banned Hijab, Says Karnataka AG; If Institutions Permit, Will You Object? High Court Asks
Next Story