'പാഠ്യപദ്ധതിയിൽ ഇടപെടരുത്, സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം വേണം': പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി വീണ്ടും ചർച്ചക്ക് സംസ്ഥാന സർക്കാർ
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ കേന്ദ്ര സർക്കാറുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി സന്ദർശനത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യാൻ സാധ്യത. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം.
ന്യൂഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പി.എം. ശ്രീയുടെ ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല എന്നാണ് ലഭ്യമായ വിവരം. അതേസമയം, പാഠ്യപദ്ധതിയിൽ കേന്ദ്രം ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള പൂർണമായ അവകാശം സംസ്ഥാന സർക്കാറിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ നിലപാട്.
പദ്ധതിയിൽ നിന്നും പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പി.എം. ശ്രീ നടപ്പാക്കരുതെന്നും പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് മുഖ്യമന്ത്രി പദ്ധതിയിൽ സർക്കാർ നിലപാട് അറിയിച്ചത്. എന്നാൽ, യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഒരു കാരണവശാലും പി.എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന മുന്നറിയിപ്പാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

