Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മൻമോഹൻ സിങ്ങിന്‍റെ...

‘മൻമോഹൻ സിങ്ങിന്‍റെ മക്കൾക്ക് ഇരിപ്പിടം നൽകിയില്ല, ദേശീയ പതാക കൈമാറുമ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല’; സംസ്കാര ചടങ്ങിൽ കണ്ടത് അനാദരവെന്ന് കോൺഗ്രസ്

text_fields
bookmark_border
Manmohan Singh Funeral Controversy
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനായി സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിക്കുന്നതിൽ രാഷ്ട്രീയ വിവാദം കത്തിനിൽക്കെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി കോൺഗ്രസ്. മൻമോഹൻ സിങ്ങിന്‍റെ സംസ്‌കാര ചടങ്ങിൽ കണ്ടത് അനാദരവിന്‍റെയും കെടുകാര്യസ്ഥതയുടെയും ഞെട്ടിക്കുന്ന കാഴ്ചയാണ് ഉണ്ടായതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം പവൻ ഖേര ആരോപിച്ചു. ആരോപണങ്ങൾ പവൻ ഖേര എക്സിൽ അക്കമിട്ട് നിരത്തുകയും ചെയ്തു.

  • ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യാൻ അനുവദിച്ചില്ല. മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തെ കവർ ചെയ്യുന്നത് ദൂരദർശൻ കുറക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും കേന്ദ്രമന്ത്രി അമിത് ഷായിലും കേന്ദ്രീകരിക്കുകയും ചെയ്തു.
  • മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രമാണ് ക്രമീകരിച്ചത്. മുൻ പ്രധാനമന്ത്രിയുടെ മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഇരിപ്പിടം വേണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർബന്ധപൂർവം ആവശ്യപ്പെടേണ്ടി വന്നു.
  • അന്തരിച്ച പ്രധാനമന്ത്രിയുടെ വിധവക്ക് ദേശീയ പതാക കൈമാറുമ്പോഴോ ഗൺ സല്യൂട്ട് ചെയ്യുമ്പോഴോ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എഴുന്നേറ്റില്ല.
  • സൈനികർ ഒരുവശം കൈവശം വച്ചതിനാൽ കുടുംബാംഗത്തിന് ചിതക്ക് ചുറ്റും മതിയായ സ്ഥലം ലഭിച്ചില്ല.
  • പൊതുജനങ്ങളെ സംസ്കാര ചടങ്ങ് നടന്ന സ്ഥലത്തിന് പുറത്ത് നിർത്തി, വേദിക്ക് പുറത്ത് നിന്ന് അന്ത്യകർമങ്ങൾ പൊതുജനങ്ങൾക്ക് വീക്ഷിക്കേണ്ടി വന്നു.
  • അമിത് ഷായുടെ വാഹനവ്യൂഹം ശവസംസ്കാര ഘോഷയാത്ര തടസപ്പെടുത്തി. കുടുംബാംഗങ്ങളുടെ കാറുകൾ പുറത്തു നിർത്തേണ്ടി വന്നു. ഗേറ്റ് അടച്ചതിനാൽ കുടുംബാംഗങ്ങളെ കണ്ടെത്തി സംസ്കാര സ്ഥലത്ത് എത്തിക്കേണ്ടി വന്നു.
  • അന്ത്യകർമങ്ങൾ നിർവഹിക്കുന്ന മൻമോഹൻ സിങ്ങിന്‍റെ കൊച്ചുമക്കൾക്ക് ചിതക്ക് സമീപത്തെത്താൻ സ്ഥല സൗകര്യമില്ലായിരുന്നു.
  • നയതന്ത്രജ്ഞർ മറ്റൊരു സ്ഥലത്ത് ഇരുന്നതിനാൽ അവരെ കാണാൻ സാധിച്ചിരുന്നില്ല. ഭൂട്ടാൻ രാജാവ് നിന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
  • ശവസംസ്കാര സ്ഥലം മുഴുവനും ഇടുങ്ങിയതും മോശമായി ക്രമീകരിച്ചതുമായിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത പലർക്കും ഇടം നൽകിയില്ല.

ഉന്നതനായ ഒരു രാഷ്ട്രതന്ത്രജ്ഞനോടുള്ള അപമാനകരമായ പെരുമാറ്റം സർക്കാറിന്‍റെ മുൻഗണനകളെയും ജനാധിപത്യ മൂല്യങ്ങളോടുള്ള ബഹുമാനമില്ലായ്മയെയും തുറന്നുകാട്ടുന്നു. ഇത്തരം നാണംകെട്ട കാഴ്ചയല്ല വേണ്ടതെന്നും മൻമോഹൻ സിങ് മാന്യത അർഹിക്കുന്നുവെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനായി സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിക്കാത്തത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സ്മാരകം നിർമിക്കാൻ പറ്റുന്ന സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന പാർട്ടിയുടെയും കുടുംബത്തി​​ന്‍റെയും ആവശ്യം അംഗീകരിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സിഖ് വിഭാഗത്തിൽ നിന്നുള്ള ഏക പ്രധാനമന്ത്രിയോട് സർക്കാർ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എന്നാൽ, ട്രസ്റ്റ് രൂപവത്കരിച്ച് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനാൽ സംസ്കാര ചടങ്ങ് യമുനാതീരത്തെ നിഗം ബോധ് ഘട്ടിൽ നടക്കട്ടെയെന്നുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്. ട്രസ്റ്റ് രൂപവത്കരിച്ച ശേഷം സ്ഥലം കൈമാറാമെന്നും ഇക്കാര്യം മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, എവിടെയാണ് സ്ഥലം അനുവദിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

സ്മാരക വിഷയത്തിൽ കേന്ദ്രസർക്കാർ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. സ്മാരകം ഉയർത്താൻ പറ്റുന്ന സ്ഥലത്ത് സംസ്കാരം നടത്തണമെന്നായിരുന്നു പാർട്ടിയും കുടുംബവും ആവശ്യപ്പെട്ടത്. രാജ്ഘട്ടിനോട് ചേർന്ന ഭാഗത്ത് എവിടെയെങ്കിലും വേണമെന്ന നിർദേശവും മുന്നോട്ട് ​െവച്ചിരുന്നു. അല്ലെങ്കിൽ സർക്കാറിന് നിർദേശിക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

സംസ്കാരത്തിന് അനുയോജ്യമായ സ്ഥലം നൽകാത്തതിലൂടെ മൻമോഹൻ സിങ്ങിനോടും സിഖ് സമൂഹത്തോടും സർക്കാർ നീതി പുലർത്തിയില്ലെന്ന് പ്രിയങ്ക ഗാന്ധി എം.പി എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmohan SinghPawan KheraRahul GandhiCongressFuneral Controversy
News Summary - State funeral of Manmohan Singh was a shocking display of disrespect -Congress
Next Story