'റഷ്യൻ ജനതക്കൊപ്പം നിൽക്കണം'; ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ട്വിറ്റർ ഹാക്ക് ചെയ്തു
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. റഷ്യൻ ജനതക്കൊപ്പം നിൽക്കണമെന്നും ക്രിപ്റ്റോകറൻസി സംഭാവനകൾ സ്വീകരിക്കുമെന്നുമുള്ള പോസ്റ്റാണ് ഞായറാഴ്ച രാവിലെ നഡ്ഡയുടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു പോസ്റ്റുകൾ. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ട്വിറ്റർ ഹാക്ക് ചെയ്തത്. യുക്രെയ്ൻ വിഷയത്തിൽ യു.എൻ രക്ഷാ സമിതിയിൽ റഷ്യയെ പിണക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യക്കെതിരെയുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ ഇന്ത്യ വിട്ടുനിന്നിരുന്നു. ഹാക്ക് ചെയ്തതിനു പിന്നാലെ രണ്ടു പോസ്റ്റുകളാണ് നഡ്ഡയുടെ അക്കൗണ്ടിൽ പ്രത‍്യക്ഷപ്പെട്ടത്.
ഷമിക്കണം, എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്നും റഷ്യക്കാണ് സഹായം ആവശ്യമെന്നും അവർക്ക് സംഭാവന നൽകണമെന്നുമായിരുന്നു രണ്ടാമത്തെ പോസ്റ്റ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.