ബംഗളൂരു ദുരന്തം: ആർ.സി.ബി, ഡി.എൻ.എ അധികൃതരെ അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലുംതിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി), ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്നിവയുടെ അധികൃതർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കരുതെന്ന് പൊലീസിനോട് കർണാടക ഹൈകോടതി നിർദേശിച്ചു. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് (സി.ഐ.ഡി) തുടരുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.
ജൂലൈ എട്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ സംഘാടകർക്ക് അറസ്റ്റിൽനിന്നുള്ള പരിരക്ഷ തുടരുമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനുള്ള സമീപനം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം കേസന്വേഷിക്കുന്ന ബംഗളൂരു ഡി.സി.പിക്ക് മുന്നിൽ ഹാജരായ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രഘുറാം ഭട്ട് മൊഴിനൽകി. 40 മിനിറ്റോളം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡി.സി.പി ഓഫിസിൽ ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളടങ്ങിയ റിപ്പോർട്ട് മുദ്രവെച്ച കവറിൽ വ്യാഴാഴ്ച സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
ആർ.സി.ബിയുടെ ഐ.പി.എൽ കിരീടനേട്ടത്തിനു പിന്നാലെ ജൂൺ നാലിന് സംഘടിപ്പിച്ച വിജയാഘോഷമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. 35,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് മൂന്നര ലക്ഷത്തോളം പേരാണെത്തിയത്. തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.