ഗാസിയബാദ്: ഡൽഹിക്ക് സമീപം ഗാസിയബാദിൽ 22കാരിയെ യുവാവ് മൃഗീയമായി വെട്ടികൊലപ്പെടുത്തി. വിവാഹിതയായ യുവതിയെ ശല്യം ചെയ്ത പരാതിയിൽ ഒരാഴ്ച മുമ്പ് സചിൻ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാലു ദിവസത്തിന് ശേഷമാണ് യുവതിയെ കോടാലി കൊണ്ട് യുവാവ് കൊലപ്പെടുത്തിയത്.
യുവതിയുടെ ഗ്രാമമായ മോദി നഗറിൽ ബുധനാഴ്ച പട്ടാപകൽ പൊതുജനത്തിന്‍റെ മുമ്പിൽവെച്ചായിരുന്നു സംഭവം. കൃത്യം നിർവഹിച്ച ശേഷം സചിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒരു വർഷം മുമ്പ് യുവതിയുടെ വിവാഹം നടന്നത് മുതൽ സചിൻ ശർമ മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വധഭീഷണി സന്ദേശമായി തോക്കിന്‍റെ ചിത്രം യുവതിക്ക് ഇയാൾ അയച്ചിരുന്നു.
കഴിഞ്ഞ ദിവസം മോദി നഗറിലെ കമ്പോളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ റെയിൽവേ ക്രോസിങ്ങിൽ വെച്ചാണ് യുവാവ് ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു.
ലോണിയിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന യുവതി മോദി നഗറിലുള്ള മാതാപിതാക്കളെ സന്ദർശിക്കാൻ പോയതായിരുന്നു.