Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം; തെരഞ്ഞെടുപ്പിനൊരുങ്ങാൻ ഡി.എം.കെ അണികളോട് സ്റ്റാലിൻ

text_fields
bookmark_border
വിജയ് സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം; തെരഞ്ഞെടുപ്പിനൊരുങ്ങാൻ ഡി.എം.കെ അണികളോട് സ്റ്റാലിൻ
cancel

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഏതുനിമിഷവും താഴെവീണേക്കാമെന്ന് ഡി.എം.കെ ജനറൽ ബോഡി യോഗത്തിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

അപ്രതീക്ഷിതമായി നേരത്തെ വരാനിടയുള്ള നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി അണികളും ഭാരവാഹികളും സർവ സജ്ജരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ പാർട്ടിക്ക് ഈ മുന്നറിയിപ്പ് നൽകിയത്.

തോൽവി താൽക്കാലികം മാത്രമാണെന്ന് വ്യക്തമാക്കിയ സ്റ്റാലിൻ, കഴിഞ്ഞകാലങ്ങളിൽ വൻ തിരിച്ചടികളിൽ നിന്ന് ഡി.എം.കെ ശക്തമായി തിരിച്ചുവന്ന ചരിത്രം ഓർമിപ്പിച്ചു. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടിൽ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും, വൻ തിരിച്ചുവരവിലൂടെ ഡി.എം.കെ അധികാരം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ 59 വർഷമായി നിലനിന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർത്താണ് വിജയിയുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നത്. ഇതോടെ ഡി.എം.കെയും അണ്ണാ ഡി.എം.കെയും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.

തങ്ങളുടെ കോട്ടയായിരുന്ന കൊളത്തൂർ മണ്ഡലത്തിൽ പോലും എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം പാർട്ടിക്ക് സംഭവിച്ച വീഴ്ചകൾ പഠിക്കാൻ 36 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് വിവരശേഖരണം നടത്തി ജനവിശ്വാസം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

നിലവിൽ 234 അംഗ സഭയിൽ 107 സീറ്റുകളാണ് ടി.വി.കെക്കുള്ളത്. സഖ്യകക്ഷിയായ കോൺഗ്രസിന് അഞ്ച് സീറ്റുകളുണ്ട്. ഇതിന് പുറമെ ഡി.എം.കെയുടെ സഖ്യകക്ഷികളായിരുന്ന വി.സി.കെ, സി.പി.ഐ, സി.പി.എം, ഐ.യു.എം.എൽ എന്നീ നാല് പാർട്ടികൾ (ഓരോ പാർട്ടിക്കും രണ്ട് സീറ്റുകൾ വീതം) സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ട്.

കഴിഞ്ഞയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രതിപക്ഷത്തുള്ള അണ്ണാ ഡി.എം.കെയുടെ 25 വിമത എം.എൽ.എമാരും വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

എന്നാൽ ഈ വിമത എം.എൽ.എമാരെ സ്പീക്കറോ കോടതിയോ അയോഗ്യരാക്കുകയോ, അല്ലെങ്കിൽ പുറത്തുനിന്ന് പിന്തുണക്കുന്ന ഇടത് പാർട്ടികളും വി.സി.കെയും ഉൾപ്പെടെയുള്ള ഡി.എം.കെ സഖ്യകക്ഷികൾ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ വിജയ് സർക്കാർ പ്രതിസന്ധിയിലാകുമെന്നാണ് ഡി.എം.കെ കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. അതേസമയം, തങ്ങൾക്ക് കൃത്യമായ ഭൂരിപക്ഷമുണ്ടെന്നും അഞ്ച് വർഷത്തെ കാലാവധി തികയ്ക്കുമെന്നും ടി.വി.കെ വൃത്തങ്ങൾ പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stalin to DMK: Be Ready as Vijay-Led Tamil Nadu Govt Could Collapse Soon
Next Story