സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പഴയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകുന്ന ‘തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം (ടി.എ.പി.എസ്)’ എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. ഇതോടൊപ്പം മറ്റു നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. നിരവധി ചർച്ചകൾക്കുശേഷം സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ രണ്ട് ദശാബ്ദക്കാലത്തിലേറെയായ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.
ഇതോടെ സർവിസ് സംഘടനകൾ ജനുവരി ആറുമുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് റദ്ദാക്കി. 10 വർഷം ജോലി ചെയ്തിട്ടുണ്ടെങ്കിൽ പെൻഷൻ ലഭിക്കും. വാഗ്ദാനം ചെയ്ത 50 ശതമാനം പെൻഷൻ നൽകുന്നതിന് ഗുണഭോക്താക്കളുടെ 10 ശതമാനം വിഹിതത്തോടൊപ്പം പെൻഷൻ ഫണ്ടിന് ആവശ്യമായ മുഴുവൻ അധിക തുകയും സർക്കാർ വഹിക്കും. പെൻഷൻകാർക്ക് ആറു മാസത്തിലൊരിക്കൽ സർക്കാർ ഉദ്യോഗസ്ഥരുടേതിന് തുല്യമായി ക്ഷാമബത്ത പ്രഖ്യാപിക്കും. ഒരു പെൻഷൻകാരൻ മരിച്ചാൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന പെൻഷന്റെ 60 ശതമാനം നാമനിർദേശം ചെയ്ത കുടുംബാംഗത്തിന് നൽകും.
സർക്കാർ ജീവനക്കാർ അവരുടെ സേവന കാലയളവ് അനുസരിച്ച് വിരമിക്കുകയോ മരിക്കുകയോ ചെയ്യുമ്പോൾ അവരുടെ സേവന കാലയളവ് അനുസരിച്ച് 25 ലക്ഷം രൂപയിൽ കൂടാത്ത ഗ്രാറ്റ്വിറ്റി നൽകും. പെൻഷന് യോഗ്യതാ കാലയളവ് പൂർത്തിയാക്കാതെ വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ നൽകും. കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം പ്രകാരം സർവിസിൽ ചേരുകയും പുതിയ തമിഴ്‌നാട് ഗാരന്റീഡ് പെൻഷൻ നടപ്പിലാക്കുന്നതിന് മുമ്പ് ഇടക്കാല കാലയളവിൽ പെൻഷൻ ഇല്ലാതെ വിരമിക്കുകയും ചെയ്തവർക്ക് പ്രത്യേക കാരുണ്യ പെൻഷൻ നൽകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉത്തരവ് പ്രാബല്യത്തിലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ പ്രഖ്യാപനത്തെതുടർന്ന് വിവിധ സർവിസ് സംഘടന നേതാക്കൾ മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

