Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ഇപ്പോൾ പൊതുജനങ്ങൾക്ക് മുമ്പിൽ അഭിനയിക്കുന്നു, പേര് ‘റീൽസ് കഴകം’ എന്നാക്കി മാറ്റണം; വിജയ്ക്കെതിരെ എം.കെ. സ്റ്റാലിൻ

text_fields
bookmark_border
TVK Vijay MK stalin
cancel

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ്യുടെ ലണ്ടൻ സന്ദർശനത്തെ ചോദ്യം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ലണ്ടൻ സന്ദർശനത്തിലൂടെ സംസ്ഥാനത്തിന് എന്ത് നിക്ഷേപമാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ശനിയാഴ്ച ഡി.എം.കെ ആസ്ഥാനമായ കലൈജ്ഞർ അരങ്ങിൽ നടന്ന മുപ്പെരുംവിഴ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുഖ്യമന്ത്രി സർ, നിങ്ങൾ ലണ്ടനിൽ പോയത് എന്തിനാണ്? തമിഴ്നാട്ടിലേക്ക് എന്ത് നിക്ഷേപമാണ് കൊണ്ടുവന്നത്? ഇന്ത്യയിലെ കമ്പനികളുമായി കരാറുകളിൽ ഒപ്പിടാൻ ലണ്ടനിൽ പോകേണ്ട ആവശ്യമെന്താണ്?’ എന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം.

സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന വിജയ് ഇപ്പോൾ പൊതുജനങ്ങൾക്ക് മുന്നിൽ ‘അഭിനയിക്കുകയാണെന്ന്’ സ്റ്റാലിൻ പരിഹസിച്ചു. നേരത്തേ, ലോക്കൽ ഷൂട്ടിങ്ങായിരുന്നെങ്കിൽ ഇപ്പോൾ വിദേശ ഷൂട്ടിങ്ങാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ ക്രമസമാധാന നില, വൈദ്യുതി മുടക്കം, വിലക്കയറ്റം എന്നിവയെക്കുറിച്ചും സ്റ്റാലിൻ ആരാഞ്ഞു. സംസ്ഥാനത്ത് കൊലപാതകങ്ങളും ആക്രമണങ്ങളും വെടിവെപ്പുകളും വർധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ‘വൈദ്യുതി മുടക്കവും അരിവാൾ ആക്രമണവും തമ്മിലാണ് തമിഴ്നാട്ടിലെ പ്രധാന മത്സരം’ എന്നായിരുന്നു സ്റ്റാലിന്റെ പരിഹാസം. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ചിലർ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘എല്ലാ ദിവസവും കൊലപാതകങ്ങൾ നടക്കുന്നുണ്ട്, കണക്ക് സൂക്ഷിക്കാൻ പോലും പ്രയാസമാണ്. തമിഴ്‌നാട് കുറ്റവാളികൾ വേട്ടയാടുന്ന സ്ഥലമായി മാറിയിരിക്കുന്നു’വെന്നും സ്റ്റാലിൻ പറഞ്ഞു.

നിയമസഭയിൽ ‘റീൽസ്’ സംസ്കാരം കടന്നുവന്നതായും സ്റ്റാലിൻ ആരോപിച്ചു. ഭരണകക്ഷി ‘വിക്ടറി കഴകം’ എന്നതിൽ നിന്ന് ‘റീൽസ് കഴകം’ എന്നാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. സർക്കാരിനെ ചോദ്യം ചെയ്യുന്നവർക്ക് റീൽസിലൂടെയും അപകീർത്തികരമായ പ്രചാരണങ്ങളിലൂടെയും മറുപടി നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും സ്റ്റാലിൻ പരാമർശിച്ചു. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വീണ്ടും നടക്കേണ്ട സാഹചര്യം സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയും ഇതിനെ ‘നിർബന്ധിത ഉപതെരഞ്ഞെടുപ്പ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഡി.എം.കെയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ചും സ്റ്റാലിൻ സംസാരിച്ചു. വർഷങ്ങളായി പാർട്ടി നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘എന്നെ പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമാക്കിയത് ഞങ്ങളുടെ പാർട്ടി പ്രവർത്തകരും അനുയായികളുമാണ്. എല്ലാവരുടെയും തുടർച്ചയായ പിന്തുണക്കും സ്നേഹത്തിനും ഞാൻ നന്ദി പറയുന്നു’ അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണകൂടം സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഡി.എം.കെ ഭരണകാലത്ത് അവതരിപ്പിച്ച നിരവധി ക്ഷേമ പദ്ധതികൾ ഇപ്പോൾ വ്യത്യസ്ത രൂപങ്ങളിൽ നടപ്പിലാക്കുകയും പേരുമാറ്റുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MK Stalin Targets Vijay Over UK Visit Power Cuts Law And Order
Next Story