`കടൽ നോക്കിയിരിക്കാനല്ല, മുഖ്യമന്ത്രിക്ക് പണിയെടുക്കാനാണ് സെക്രട്ടറിയേറ്റ്’; രൂക്ഷവിമർശനവുമായി സ്റ്റാലിന്‍
text_fieldsഎം.കെ സ്റ്റാലിന്‍
ചെന്നൈ: പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയം നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പദ്ധതി മുന്നോട്ടുപോയാൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് പ്രതിഷേധിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ചെന്നൈ മറീന ബീച്ചിന് സമീപത്തെ പട്ടിനപ്പാക്കത്ത് പുതിയ സമുച്ചയം നിർമിക്കാനുള്ള സർക്കാരിന്റെ നിർദേശത്തെയാണ് സ്റ്റാലിൻ എതിർത്തത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളെയും ഉപജീവനമാർഗങ്ങളെയും പദ്ധതി ബാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സെക്രട്ടേറിയറ്റ് നിർമാണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ സ്റ്റാലിനെ സന്ദർശിച്ച് പിന്തുണ തേടിയിരുന്നു. ഇവരുടെ സമരത്തിന് ഡി.എം.കെ പിന്തുണ നൽകുമെന്നും സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധത്തിൽ പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിനപ്പാക്കം പോലുള്ള തിരക്കേറിയ പ്രദേശത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കേണ്ടതിന്റെ ആവശ്യകതയും സ്റ്റാലിൻ ചോദ്യം ചെയ്തു. മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിനായി നിർമിച്ച ഒമന്തൂരാർ സർക്കാർ എസ്റ്റേറ്റിൽ നിലവിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ആശുപത്രി മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഒമന്തൂരാർ സമുച്ചയം വീണ്ടും സെക്രട്ടേറിയറ്റായി ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കടലിന് അഭിമുഖമായി വേണമെന്ന ജ്യോതിഷിയുടെ നിർദേശമാണ് പട്ടിനപ്പാക്കം തിരഞ്ഞെടുക്കാൻ കാരണമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു. സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണെന്നും കടൽ നോക്കിയിരിക്കാനുള്ളതല്ലെന്നും അദ്ദേഹം പരിഹസിച്ചു. പട്ടിനപ്പാക്കത്ത് നിരവധി സ്കൂളുകളുണ്ടെന്നും നിലവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം കൂടി വരുന്നതോടെ പ്രദേശത്തെ ജനങ്ങൾക്കും വിദ്യാർഥികൾക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ സർക്കാർ പരിഗണിച്ച് ഉത്തരവ് പിൻവലിക്കണമെന്നും, പദ്ധതിയെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. അതേസമയം, പദ്ധതിക്കെതിരെ സി.പി.ഐ.എമ്മും രംഗത്തെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും തീരദേശ പരിസ്ഥിതിയെയും പദ്ധതി ബാധിക്കുമെന്നാണ് സി.പി.ഐ.എം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പട്ടിനപ്പാക്കത്ത് സെക്രട്ടേറിയറ്റ് നിർമിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ആദവ് അർജുന നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

