‘കേന്ദ്രത്തിന്റേത് അപമാനകരമായ സമീപനം,’ തമിഴ്നാടിന് മെട്രോ പദ്ധതികൾ നിഷേധിച്ചത് രാഷ്ട്രീയ പകപോക്കൽ, പൊരുതി നേടുമെന്നും സ്റ്റാലിൻ
text_fieldsഎം.കെ. സ്റ്റാലിൻ
ചെന്നൈ: കോയമ്പത്തൂരിലെയും മധുരയിലെയും മെട്രോ റെയിൽ പദ്ധതികൾ കേന്ദ്രസർക്കാർ മനപ്പൂർവം തടസപ്പെടുത്തുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്രത്തിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും സ്റ്റാലിൻ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂർ സന്ദർശിക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സ്റ്റാലിൻ രംഗത്തെത്തുന്നത്. ‘തമിഴ്നാട് പോരാടും, തമിഴ്നാട് വിജയിക്കും’ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സ്റ്റാലിൻ പറഞ്ഞു.
ക്ഷേത്രനഗരമായ മധുരക്കും ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്ററെന്നറിയപ്പെടുന്ന കോയമ്പത്തൂരിനും നിസാര കാരണങ്ങൾ ചൂണ്ടിയാണ് കേന്ദ്ര സർക്കാർ മെട്രോ റെയിൽ നിഷേധിച്ചത്. ഫെഡറൽ തത്വങ്ങളുടെ വളച്ചൊടിക്കൽ ഒരിക്കലും അംഗീകരിക്കാത്ത ഒരു സംസ്ഥാനത്തോട് ആഴത്തിലുള്ള വിദ്വേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷപാതമില്ലാതെ ജനങ്ങളെ സേവിക്കാൻ സംസ്ഥാനത്ത് ഒരു സർക്കാർ നിലവിലുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ ജനാധിപത്യ തെരഞ്ഞെടുപ്പിനെ പ്രതികാരം ചെയ്യാനുള്ള ഒരു കാരണമായി കണക്കാക്കുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിഷേധിക്കുമ്പോൾ തന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചെറുനഗരങ്ങൾക്ക് മെട്രോകൾ അനുവദിക്കുന്നത് അപമാനകരമാണെന്നും സ്റ്റാലിൻ പറഞ്ഞു.
മുൻകാലങ്ങളിൽ സമാനമായി കേന്ദ്രം ചെന്നൈ മെട്രോയെ തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആ ദുരുദ്ദേശ്യപരമായ ശ്രമങ്ങളെ മറികടന്ന് തമിഴ്നാട് പദ്ധതി മുന്നോട്ട് കൊണ്ടുപോയി. അതേ ദൃഢനിശ്ചയത്തോടെ, മധുരക്കും കോയമ്പത്തൂരിനും മെട്രോ റെയിൽ കൊണ്ടുവരുമെന്നും സ്റ്റാലിൻ പറഞ്ഞു.
നവംബർ ആദ്യം, മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതികളുടെ വിശദ പദ്ധതി റിപ്പോർട്ടുകൾ (ഡി.പി.ആർ) കേന്ദ്രം തളളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. 2017ലെ മെട്രോ റെയിൽ നയത്തിലെ വ്യവസ്ഥകൾ പ്രകാരം, കുറഞ്ഞത് 20 ലക്ഷം ആളുകളുടെ നഗര സംയോജനം ലക്ഷ്യമിടുന്ന പദ്ധതികൾക്കാണ് അനുമതി ലഭിക്കുക. 2011 ലെ അവസാന സെൻസസ് പ്രകാരം, കോയമ്പത്തൂരിലെ ജനസംഖ്യ 15.84 ലക്ഷമാണ്. മധുരയിലെ ജനസംഖ്യ 15 ലക്ഷത്തിന് താഴെയാണ്. ഇത് ചൂണ്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടി.
അതേസമയം, കണക്കുകൾ കാലഹരണപ്പെട്ടതാണെന്നും കഴിഞ്ഞ ദശകത്തിൽ ഈ നഗരങ്ങളിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായിട്ടുണ്ടെന്നുമാണ് സംസ്ഥാന സർക്കാറിന്റെ വാദം. കോയമ്പത്തൂരിൽ രണ്ട് പ്രധാന ഇടനാഴികളായ അവിനാശി റോഡ്, സത്യമംഗലം റോഡ് എന്നിവയെ ഉൾപ്പെടുത്തുന്നതായിരുന്നു തമിഴ്നാട് സർക്കാർ പദ്ധതി. 9,424 കോടി രൂപ ചെലവിൽ 44 കിലോമീറ്റർ ദൈർഘ്യമായിരുന്നു പദ്ധതിക്ക് കണക്കാക്കിയിരുന്നത്. മധുരയെ സംബന്ധിച്ചിടത്തോളം, തിരുമംഗലം മുതൽ ഒതക്കടൈ വരെയുള്ള 32 കിലോമീറ്റർ ഇടനാഴിയായിരുന്നു ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തത്. മൂന്നെണ്ണം ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 27 സ്റ്റേഷനുകളുള്ള പദ്ധതിയിൽ 11,366 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
ഇരുപദ്ധതികളിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഡി.പി.ആറുകൾ നിരസിച്ചതിന് പിന്നാലെ, വികസിപ്പിച്ച ബസ് സംവിധാനങ്ങൾ, ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ഇടനാഴികൾ എന്നിങ്ങനെ ബദലുകളും ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം ആഗ്ര, പട്ന, ഭോപ്പാൽ തുടങ്ങിയ നഗരങ്ങൾക്ക് സമാനമായ ജനസംഖ്യാ തലത്തിൽ മെട്രോ ക്ലിയറൻസ് ലഭിച്ചതായി തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

