തമിഴ്നാട്ടിൽ റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനം; പ്രഖ്യാപനം തെരഞ്ഞെടുപ്പ് വരാനിരിക്കെ
text_fieldsഎം.കെ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനമായി നൽകാൻ തമിഴ്നാട് സർക്കാർ തയാറെടുക്കുന്നു. നേരത്തെ അരിയും പഞ്ചസാരയും കരിമ്പും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി 248 കോടിരൂപ മാറ്റിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പണവും നൽകാമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെയാണ് സർക്കാറിന്‍റെ വമ്പൻ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
ഈ മാസം എട്ടിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 14നകം വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അന്ന് അധികാരത്തിലുണ്ടായിരുന്ന എ.ഐ.എ.ഡി.എം.കെ സർക്കാർ 2500 രൂപവീതം പൊങ്കൽ സമ്മാനമായി നൽകിയിരുന്നു.
സ്റ്റാലിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ഡി.എം.കെ സർക്കാർ, ആദ്യ മൂന്ന് വർങ്ങളിൽ 1000 രൂപ വീതമാണ് നൽകിയത്. കഴിഞ്ഞ വർഷം സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാണിച്ച് കിറ്റ് മാത്രമാണ് നൽകിയത്. കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുതിയ പെൻഷൻ സ്കീം അവതരിപ്പിച്ച് തമിഴ്നാട് സർക്കാർ കൈയടി നേടിയിരുന്നു. ഇതിനു പിന്നാലെ 3000 രൂപ നൽകുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്.
അഭയാർഥികളായെത്തിയ ശ്രീലങ്കൻ തമിഴ് കുടുംബാംഗങ്ങൾക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും പണം നൽകുമെന്നാണ് വിവരം. ഏപ്രിലിലാണ് തമിഴ്നാടും കേരളവും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. എ.ഐ.എ.ഡി.എം.കെക്ക് പുറമെ വിജയ്യുടെ ടി.വി.കെയും ഇത്തവണ ഡി.എം.കെക്ക് തെരഞ്ഞെടുപ്പിൽ വെല്ലുവിളി ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

