‘ചരിത്രപരമായ വലിയ അനീതി...’; മണ്ഡല പുനർ നിർണയത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ
text_fieldsചെന്നൈ: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് മണ്ഡല പുനർ നിർണയം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോരാട്ടം കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഡി.എം.കെ എം.പിമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത സ്റ്റാലിൻ, സംസ്ഥാനത്തുടനീളം വ്യാഴാഴ്ച കരിങ്കൊടി പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു.
നിർദിഷ്ട ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെതിരായ ചരിത്രപരമായ വലിയ അനീതിയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ബി.ജെ.പി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരും. ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണയമെന്നും സ്റ്റാലിൻ ചോദിച്ചു. ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ പുനർനിർണയിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സീറ്റുകൾ നഷ്ടമാകുമെന്നതാണ് പ്രധാന ആശങ്ക.
ജനസംഖ്യാ വർധനവ് നിയന്ത്രിക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കാൻ ഈ നീക്കം കാരണമാകുമെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ള പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ ഇന്നലെ വിഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘അവസാന മുന്നറിയിപ്പ്’ നൽകുന്നുവെന്ന് വ്യക്തമാക്കി കൊണ്ടാണ് സ്റ്റാലിന്‍റെ വിമർശനം. തമിഴ്നാടിനെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ശിക്ഷിക്കുന്ന മണ്ഡല പുനർനിർണയ നീക്കം അവസാനിപ്പിക്കണമെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ സ്റ്റാലിന്റേതായി പുറത്തുവന്ന എക്സ് പോസ്റ്റിൽ കുറിച്ചു. ഇതൊരു ഭീഷണിയല്ലെന്നും മറിച്ച് മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വിശദീകരിക്കുന്നു.
‘‘ഞാൻ മുഖ്യമന്ത്രി മാത്രമല്ല, ദ്രാവിഡ പാർട്ടിയായ ഡി.എം.കെയുടെ തലവൻ കൂടിയാണ്. ആത്മാഭിമാനമുള്ള ഞങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ്, ഭരണം, അധികാരം എന്നതിനേക്കാൾ ആശയാദർശങ്ങളാണ് മുഖ്യം. സർക്കാർ നീക്കത്തിനെതിരെ രാജ്യശ്രദ്ധ പിടിച്ചുപറ്റുംവിധം തമിഴകത്ത് പ്രതിഷേധം കനക്കും. അറുപതുകളിൽ ഡി.എം.കെ നടത്തിയ സമര പോരാട്ടങ്ങൾക്ക് തമിഴകം വീണ്ടും വേദിയാവും. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് മണ്ഡല പുനർ നിർണയ നീക്കം നടത്തുന്നത്. തമിഴ്നാട് ഉൾപ്പെടെ തെന്നിന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണ നടപടികൾ പാലിച്ചതിന്റെ ശിക്ഷയാണോ ഇത്? ഞങ്ങളുടെയെല്ലാം ശ്രദ്ധ തെരഞ്ഞെടുപ്പിലാവുമെന്നതിനാൽ ഈ അവസരം മുതലെടുത്ത് മണ്ഡല പുനർ നിർണയം നടപ്പാക്കാമെന്നത് വ്യാമോഹം മാത്രമാണ്. പുതിയ നീക്കം ദോഷകരമായി ബാധിക്കുന്നപക്ഷം ഞങ്ങൾ കൈയുംകെട്ടി നോക്കിയിരിക്കില്ല. തമിഴകം സ്തംഭിക്കുന്നവിധം ഓരോ കുടുംബവും തെരുവിലിറങ്ങി പോരാടും. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഡി.എം.കെ എം.പിമാർ നിശ്ചയമായും പങ്കെടുക്കും. തമിഴ്നാട് പോരാടുകയും വിജയിക്കുകയും ചെയ്യും’’ -സ്റ്റാലിൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

