ടോയ്‍ലറ്റിനുള്ളിൽ പാത്രം കഴുകി; മധുര പലഹാരക്കടക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്
text_fieldsറായ്പൂർ: ടോയ്‍ലറ്റിനുള്ളിൽ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഛത്തീസ്ഗഢ് കോർബയിലെ മധുരപലഹാരക്കടയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. നിഹാരിക മേഖലയിലെ ന്യൂ ഡൽഹി സ്വീറ്റ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം. ടോയ്‍ലറ്റിനുള്ളിൽ വെച്ച് പാത്രങ്ങൾ കഴുകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് അധികൃതർ പരിശോധന നടത്തുകയായിരുന്നു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് അധികൃതർ നോട്ടീസ് നൽകി.
കടയിലെ ഒരു ജീവനക്കാരി ബാത്ത്റൂമിന്റെ തറയിലിരുന്ന് പാത്രങ്ങൾ കഴുകുന്നത് പുറത്തുവന്ന വിഡിയോയിൽ കാണാം. കടയിലെത്തിയ ഒരു ഉപഭോക്താവാണ് വിഡിയോ പകർത്തിയത്. വിഡിയോയിൽ ജീവനക്കാരിയോട് ഇതുസംബന്ധിച്ച് ഉപഭോക്താവ് ചോദ്യങ്ങൾ ചോദിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ, അടിയന്തര സാഹചര്യമുണ്ടായതിനെ തുടർന്നാണ് ഇത്തരത്തിൽ പാത്രങ്ങൾ കഴുകുന്നതെന്നായിരുന്നു വിശദീകരണം.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി. എന്നാൽ, വീഡിയോയിൽ കണ്ട പാത്രങ്ങൾ ജീവനക്കാരുടെ വ്യക്തിഗത ഉപയോഗത്തിനുള്ളതാണെന്നും ജീവനക്കാർ ഭക്ഷണം കഴിച്ചശേഷം പ്രഷർ കുക്കറും മറ്റ് പാത്രങ്ങളും കഴുകുകയായിരുന്നുവെന്നും സ്ഥാപന അധികൃതരുടെ വിശദീകരണം. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥാപനത്തിന് നോട്ടീസ് നൽകി. ശുചിത്വ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ സ്ഥാപനത്തിന്റെ ഭക്ഷ്യ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

