കപ്പൽ ജീവനക്കാരന് കോവിഡ്: 2000 യാത്രക്കാർ കപ്പലിൽ കുടുങ്ങി
text_fieldsപനജി: മുംബൈ-ഗോവ കോർഡോലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2000 യാത്രക്കാർ കപ്പലിൽ കുടുങ്ങി. റാപ്പിഡ് ആൻറിജൻ പരിശോധനയിലാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കപ്പൽ മോർമുഗാവോ ക്രൂയിസ് ടെർമിനലിൽ നിർത്തിയിട്ടിരിക്കുകയാണ്.
കപ്പലിലെ 2000 യാത്രക്കാരെയും പരിശോധിക്കുമെന്നും പരിശോധനാ ഫലങ്ങൾ പുറത്തു വരുന്നത് വരെ യാത്രക്കാർ കപ്പലിൽ തുടരണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാസ്കോ ആസ്ഥാനമായുള്ള സാൽഗോങ്കർ മെഡിക്കൽ റിസർച്ച് സെന്റർ (എസ്.എം.ആർ.സി) ആശുപത്രിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക. പരിശോധന ഫലത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് യാത്രക്കാർ.
അതേസമയം, അടുത്ത നാല് ദിവസത്തിനുള്ളിൽ 15-18 പ്രായത്തിലുള്ള 72,000 കുട്ടികൾക്ക് കോവിഡിനെതിരായ ആദ്യ ഡോസ് നൽകാനാണ് ഗോവ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമായിരുന്നു റാണെയുടെ പ്രതികരണം.
നിലവിൽ പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ലേക്ക് അയച്ച ഒമിക്രോൺ വേരിയൻറ് സാമ്പിളുകളുടെ പരിശോധനയിലെ കാലതാമസം ഒഴിവാക്കാൻ അടുത്ത 15 ദിവസത്തിനുള്ളിൽ ഗോവയിൽ ജനിതക ശ്രേണീകരണ സംവിധാനം സ്ഥാപിക്കുമെന്നും റാണെ പറഞ്ഞു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് തിങ്കളാഴ്ച കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേരുമെന്നും കോവിഡ് വ്യാപനം തടയാൻ പ്രത്യേക നടപടികൾ പ്രഖ്യാപിക്കുമെന്നും റാണെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

