ബി.ജെ.പിയുടെ മുസ്‍ലിം വിരുദ്ധ നാടകത്തിൽ പ്രധാന രംഗം കശ്മീർ, പ്രേക്ഷകർ കടുത്ത ഹിന്ദുത്വവാദികൾ -ശ്രീനഗർ എം.പി
text_fieldsന്യൂഡൽഹി: കശ്മീരിനെ കേന്ദ്ര കഥാപാത്രമാക്കി ബി.ജെ.പി മുസ്‍ലിം വിരുദ്ധ നാടകം നിർമിച്ച് പ്രചരിപ്പിക്കുന്നതായി ശ്രീനഗർ എംപിയും മുൻ ജമ്മു-കശ്മീർ മന്ത്രിയുമായ ആഗ സയ്യിദ് റുഹുല്ല മെഹ്ദി. ആർട്ടിക്ക്ൾ 370നെക്കുറിച്ച് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എൻ.എസ്.യു സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ചാണ് എം.പിയുടെ പരാമർശങ്ങൾ.
“ബി.ജെ.പി ഒരു നാടകമുണ്ടാക്കി, തങ്ങൾക്ക് കൈയ്യടി കിട്ടുന്ന ആളുകൾക്ക് മുന്നിൽ അവർ ആ നാടകം പ്രദർശിപ്പിക്കുന്നു. പകരം ബി.ജെ.പിക്ക് വോട്ടുകൾ ലഭിക്കുന്നു. കടുത്ത ഹിന്ദുത്വവാദികളാണ് ആ പ്രേക്ഷകർ, മുസ്‍ലികളുടെ അവസ്ഥയാണ് നാടകത്തിലെ കഥാതന്തു. കശ്മീരാണ് ഈ തിയേറ്ററിലെ സുപ്രധാനരംഗം. മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള ഈ സംസ്ഥാനത്ത് മുസ്‍ലിംകളുടെ കൈകളിലാണ് അധികാരം എന്നതാണ് ഇതിന് കാരണം. അവരിൽ നിന്ന് അധികാരം തട്ടിയെടുത്ത് മുട്ടിലിഴയിക്കണം എന്നതാണ് പ്ലാൻ. ഇതിനേക്കാൾ വലിയ നാടകം മറ്റെന്താണ്?” -മെഹ്ദി കൂട്ടിച്ചേർത്തു.
‘ഉത്തർപ്രദേശിൽ എവിടെയോ ഉള്ള മനുഷ്യർക്ക് ആർട്ടിക്ക്ൾ 370 നീക്കം ചെയ്യുന്നതിൽ എന്ത് പ്രത്യാഘാതമാണുള്ളത്? എന്നാൽ, യുപിയിലുള്ള ബി.ജെ.പി സ്ഥാനാർഥി പ്രസംഗിക്കുമ്പോൾ ആവേശത്തോടെ ആർട്ടിക്ക്ൾ 370 പരാമർശിക്കും. ദാരിദ്ര്യം മൂലം വീട്ടിൽ പട്ടിണി കിടക്കുന്നവർ വരെ ഈ പ്രസംഗം കേട്ട് കൈയ്യടിക്കും. തൊഴിലില്ലാത്ത, പണപ്പെരുപ്പത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത, ചവിട്ടി നിൽക്കാൻ സ്വന്തം മണ്ണ് പോലും ഇല്ലാത്ത ആളുകളും ആർട്ടിക്ക്ൾ 370 എന്ന് കേൾക്കുമ്പോൾ തീർച്ചയായും കയ്യടിക്കും’ -ആഗ സയ്യിദ് റുഹുല്ല മെഹ്ദി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ജനകീയ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് മെഹ്ദി പറഞ്ഞു. ‘എംഎൽഎമാരടക്കമുള്ളവർ ജനകീയ പ്രതിരോധം രൂപപ്പെടുത്തണം. അതിനായി ഒന്നിക്കണം. പക്ഷേ, അങ്ങനെ ചെയ്യുന്നില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.