കൊളംബോ: ശ്രീലങ്കൻ തീരക്കടലിൽ രണ്ടാഴ്ചയോളമായി നിന്നുകത്തുന്ന ചരക്കുകപ്പൽ രാജ്യത്തിനും അയൽക്കാർക്കും ഉയർത്തുന്നത് വൻ പരിസ്ഥിതി ഭീഷണി. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരങ്ങളിൽ നിറയെ മൈക്രോപ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു അപകടകരമായ അഴുക്കുകളും നിറഞ്ഞുകിടക്കുന്നത് എങ്ങനെ ശുദ്ധിയാക്കുമെന്ന ഭീതിയും ശ്രീലങ്കൻ അധികൃതരെ വലക്കുന്നുണ്ട്.
സിംഗപ്പൂർ രജിസ്ട്രേഷനുള്ള കപ്പൽ ഗുജറാത്തിലെ ഹസീറ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് കെമിക്കലുമായി പോകുന്നതിനിടെ മേയ് 20നാണ് അഗ്നിബാധയുണ്ടായത്. തീരത്തുനിന്ന് ഒമ്പത് നോട്ടിക്കൽ മൈൽ മാത്രം അകലെ നിൽക്കെയായിരുന്നു അപകടം. ശ്രീലങ്കൻ നാവിക സേനയും ഇന്ത്യൻ കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ടെങ്കിലും ഇനിയും തീയണക്കാനായിട്ടില്ല. തുടക്കത്തിൽ തീ നിയന്ത്രണവിധേയമായിരുന്നുവെങ്കിലും നാലു ദിവസം കഴിഞ്ഞ് പൊട്ടിത്തെറിയെ തുടർന്ന് വീണ്ടും ശക്തിയാർജിക്കുകയായിരുന്നു. കെമിക്കലുകളും സൗന്ദര്യവർധക വസ്തുക്കൾക്കാവശ്യമായ അസംസ്കൃത ഇനങ്ങളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. 350 മെട്രിക് ടൺ ഇന്ധനവും 1,486 കണ്ടെയ്നറുകളിലായി 25 ടൺ നൈട്രിക് ആസിഡുമുള്ളതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. അത്യധികം അപകടകരമാണ് നൈട്രിക് ആസിഡ്. കപ്പൽ തകർന്ന് മുങ്ങിപ്പോയാൽ അകത്തുള്ള എണ്ണയും ആസിഡും കടലിലൊഴുകും. വൈകാതെ മുങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അഗ്നിബാധയെ തുടർന്ന് സ്ഫുലിംഗങ്ങൾക്കൊപ്പം ആകാശത്തേക്കുയരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദൂരേക്ക് പറന്നെത്തുന്നുണ്ട്.