തങ്ങളെ ആവശ്യമില്ലെങ്കിൽ കടലിൽ തള്ളിയേക്കൂ എന്ന് ശ്രീലങ്കൻ തമിഴ് അഭയാർഥികൾ
text_fieldsചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിൽ ശ്രീലങ്കൻ തമിഴരെ ഒഴിവാക്കിയതിൽ തമിഴ്നാട്ടിലെ അഭയാർഥി ക്യാമ്പുകളിൽ ദശാബ്ദങ്ങളായി കഴിയുന്ന കുടുംബങ്ങളിൽ ആശങ്ക. തമിഴ്നാട്ടിൽ 107 ക്യാമ്പുകളിലായി 18,871 കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ക്യാമ്പുകളിൽ 60,438 ഉം ക്യാമ്പുകൾക്കു പുറത്ത് 34,684 ഉം പേർ. കൂടാതെ, കടൽമാർഗം അരലക്ഷത്തോളം പേർ എത്തിയതായും കരുതുന്നു. 25 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരുടെ ആവശ്യമാണ് പൗരത്വം.
തമിഴ്നാട് ഭരിച്ച കരുണാനിധിയും ജയലളിതയും ഇതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയിരുന്നു. 2016ൽ ജയലളിത ശ്രീലങ്കയിൽ തമിഴർക്ക് പ്രത്യേക രാജ്യം അനുവദിക്കണമെന്നും ഇന്ത്യയിെല ശ്രീലങ്കൻ തമിഴർക്ക് ഇരട്ട പൗരത്വം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. എന്നാൽ, ഇപ്പോൾ എടപ്പാടി പളനിസാമിയും ഒ. പന്നീർസെൽവവും നയിക്കുന്ന അണ്ണാ ഡി.എം.കെ പൗരത്വബില്ലിനെ പിന്തുണച്ചത് തമിഴക രാഷ്ട്രീയത്തിൽ വിവാദമാണ്. ശ്രീലങ്കൻ തമിഴർ മക്കളും പേരക്കുട്ടികളുമായി ഇന്ത്യക്കാരായാണ് കഴിയുന്നത്. പ്രത്യേക റേഷൻകാർഡും ഉണ്ട്.
മുമ്പ് ഇവർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പദ്ധതികൾ നടപ്പാക്കിയെങ്കിലും പിന്നീട് ഫണ്ടില്ലാത്തതിനാൽ വഴിമുട്ടി. കൂലിപ്പണിയും ചെറുകിട വ്യാപാരങ്ങളും മറ്റുമാണ് മിക്ക കുടുംബങ്ങളുടെയും ഉപജീവനമാർഗം. 1983നുശേഷം ശ്രീലങ്കയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്താണ് അഭയാർഥി പ്രവാഹം ഉണ്ടായത്. പിന്നീട് സമാധാനം പുനഃസ്ഥാപിച്ചെങ്കിലും പത്തു ശതമാനം പേർ പോലും തിരിച്ചുപോയില്ല. ശ്രീലങ്കൻ ഭരണം രാജപക്സയുടെ നിയന്ത്രണത്തിലായതോടെ ശേഷിച്ച പ്രതീക്ഷകളും അസ്തമിച്ചു.
തിരിച്ചുപോകുന്നത് ആലോചിക്കാനാവില്ലെന്ന് 1983 മുതൽ കോയമ്പത്തൂർ മേട്ടുപ്പാളയം ക്യാമ്പിലുള്ള എസ്. കുലിസംഗം എന്ന 57കാരൻ പറഞ്ഞു. 90കളിൽ 750ഒാളം പേരാണ് മേട്ടുപ്പാളയത്തെത്തിയത്. ഇരുപതോളം പേർ മടങ്ങി. ക്യാമ്പുകളിലെ യുവജനങ്ങളെല്ലാം ഇവിടെ ജനിച്ചുവളർന്നവരാണെന്നും ഇന്ത്യയാണ് മാതൃരാജ്യമെന്നും അദ്ദേഹം പറയുന്നു. പൗരത്വ നിയമ പരിധിയിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ തങ്ങളെ കടലിൽ തള്ളിയിടുകയാണ് നല്ലതെന്ന് കോയമ്പത്തൂരിനടുത്ത ബുളുവൻപട്ടിയിെല ക്യാമ്പംഗങ്ങൾ പ്രതികരിച്ചു. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽ നിയമത്തിനെതിരെ രാഷ്ട്രീയ-തമിഴ് സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
