ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം; ശ്രീലങ്കയിൽ പൊലീസ് മേധാവിയടക്കം രണ്ടുപേർക്ക് വധശിക്ഷ
text_fieldsശ്രീലങ്ക: 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ 260 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ക്രിമിനൽ അനാസ്ഥ തെളിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ശ്രീലങ്കൻ കോടതി. മുൻ പൊലീസ് മേധാവി പുജിത് ജയസുന്ദരയെയും മുൻ പ്രതിരോധ മന്ത്രാലയ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയെയും മൂന്നംഗ ഹൈക്കോടതി ബെഞ്ചാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചത്. ഒരു ജഡ്ജി ഭിന്ന വിധിയാണ് രേഖപ്പെടുത്തിയത്. 2022ൽ ഇരുവരെയും വെറുതെവിട്ട കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് പ്രത്യേക അതിവേഗ കോടതി വധശിക്ഷ വിധിച്ചത്.
ശ്രീലങ്കയെ നടുക്കിയ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു 2019ലെ ഈസ്റ്റർ ബോംബാക്രമണം. 260 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കയുടെ മുൻ ഇന്റലിജൻസ് മേധാവിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിനോദസഞ്ചാര ഹോട്ടലുകളെയും രണ്ട് ചർച്ചുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തെക്കുറിച്ച് ആവർത്തിച്ച് ലഭിച്ച രഹസ്യാന്വേഷണ മുന്നറിയിപ്പുകളിൽ പൊലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് പാർലമെന്ററി സമിതി കണ്ടെത്തിയിരുന്നു.
കോടതി വിധിക്കെതിരെ രണ്ടാഴ്ചക്കകം അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. ആക്രമണം നടത്താൻ പ്രതികൾക്ക് യാതൊരു പ്രേരണയോ പ്രതികളുമായി നേരിട്ട് ബന്ധമോ ഉണ്ടായിരുന്നില്ലെന്ന് ഭിന്നവിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
2019 ഏപ്രിൽ നാലിന് ചാവേർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ശ്രീലങ്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും കോടതി നടപടികൾക്കിടെ വ്യക്തമാക്കിയിരുന്നു.
ഇതിനുമുമ്പ് നടന്ന സിവിൽ കേസിൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് നഷ്ടപരിഹാരമായി 1.25കോടി രൂപ പുജിത് ജയസുന്ദരയും ഹേമസിരി ഫെർണാണ്ടോയും നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ആക്രമണത്തിന് പിന്നിൽ ശ്രീലങ്ക ആസ്ഥാനമായുള്ള രണ്ട് ഭീകര ഗ്രൂപ്പുകളാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി കരുതപ്പെടുന്നവർ മരിച്ചതായും ഇവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ പ്രത്യേക വിചാരണകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ 45 വിദേശികൾ ഉൾപ്പെടെ 279 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ആക്രമണത്തിന് ഉത്തരവാദികളായി തിരിച്ചറിഞ്ഞവർ യഥാർഥ സൂത്രധാരന്മാരല്ലെന്നും സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ശ്രീലങ്കൻ കത്തോലിക്കാ സഭ ആരോപിച്ചിരുന്നു.
ശ്രീലങ്കയിൽ വധശിക്ഷ നിയമപരമായി നിലവിലുണ്ടെങ്കിലും 1976 മുതൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല. അതിനാൽ വധശിക്ഷ ലഭിക്കുന്നവർക്ക് സാധാരണയായി ജീവപര്യന്തം തടവാണ് ലഭിക്കുന്നത്. നിലവിലെ ഭരണകൂടം വധശിക്ഷ നടപ്പാക്കുന്നതിലെ വിലക്ക് തുടരുന്നതിനെയാണ് പിന്തുണക്കുന്നത്. ഫെബ്രുവരിയിൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ശ്രീലങ്കയിൽ നിലവിൽ 800 ലധികം പേർ വധശിക്ഷ കാത്തുകഴിയുന്നവരാണ്. സാധാരണയായി വധശിക്ഷ ജീവപര്യന്തം തടവായി കുറക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

