ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കം: മധ്യസ്ഥത അലസി
text_fieldsമഥുര (യു.പി): ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കത്തിൽ മധ്യസ്ഥതയിലും പരിഹാരമായില്ല. ഈ മാസം 18ന് ഇരു കക്ഷികളും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് അഭിഭാഷകർ പറഞ്ഞു. മഥുര സ്പെഷൽ ജഡ്ജി അരവിന്ദ് കുമാർ യാദവിന്റെ മുമ്പാകെയായിരുന്നു നടപടിക്രമങ്ങൾ. അടുത്ത ചർച്ചയിലും പരിഹാരമില്ലെങ്കിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാകും.
ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദു പക്ഷം ഹരജി നൽകിയതിനെ തുടർന്നാണ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കം ഉടലെടുത്തത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തുള്ള ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഷാഹി ഈദ്ഗാഹുമായി ബന്ധപ്പെട്ട് വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്.
തർക്കത്തിലുള്ള ഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറണമെന്നും മറ്റെവിടെയെങ്കിലും പകരം ഭൂമി നൽകണമെന്നും മുസ്ലിം പക്ഷത്തോട് വീണ്ടും നിർദേശിച്ചിട്ടുണ്ടെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഈ നിർദേശം ഷാഹി ഇദ്ഗാഹ് കമ്മിറ്റി സെക്രട്ടറിയും മുസ്ലിം പക്ഷത്തിന്റെ പ്രതിനിധിയുമായ അഭിഭാഷകൻ തൻവീർ അഹ്മദ് തള്ളി. 1968ൽ ശ്രീകൃഷ്ണ ജൻമസ്ഥാൻ സേവാ സംഘവുമായുള്ള കരാർ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ആരുടെ അവകാശവാദമാണ് ശരിയെന്ന് തീരുമാനിക്കണമെന്നും ഒത്തുതീർപ്പ് ചർച്ചകളുടെ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

