സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം; ആറുപേരെ പുറത്താക്കി, കാമ്പസ് നവംബർ 13വരെ അടച്ചു
text_fieldsകൊൽക്കത്ത: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സുരക്ഷാവ്യവസ്ഥകൾക്കും കാവിവൽക്കരണത്തിനുമെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടിയുമായി അധികൃതർ. വൈസ് ചാൻസലറെയും ജീവനക്കാരെയും ആക്രമിച്ചുവെന്നും ഓഫിസ് അടിച്ചുതകർത്തുവെന്നും ആരോപിച്ച് ആറു വിദ്യാർഥികളെയാണ് ഇൻസ്റ്റിറ്റ്യൂട്ട് സസ്പെൻഡ് ചെയ്തത്. ക്യാമ്പസ് സുരക്ഷ ആവശ്യപ്പെട്ടുള്ള സമരം 18ാം ദിവസത്തിലേക്ക് കടന്നതിനിടയിലാണ് ഈ നടപടി. ആരോപണങ്ങൾ പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വിദ്യാർഥി യൂനിയൻ പ്രതികരിച്ചു.
കാമ്പസിൽ മുൻകൂട്ടി അറിയിക്കാതെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള വൈസ് ചാൻസലർ സന്തോഷ് അജ്മേറയുടെ നീക്കത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2024-ൽ 16 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ ഒപ്പുവെച്ച കരാർ പ്രകാരം, സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയനെ മുൻകൂട്ടി അറിയിക്കുകയും ചർച്ച നടത്തുകയും വേണം. സെപ്റ്റംബർ 30-ലെ യോഗത്തിലും ഇത് പാലിക്കാമെന്ന് വി.സി ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ ഇത് ലംഘിച്ച് ഏകപക്ഷീയമായി ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന് വിദ്യാർഥികൾ പറയുന്നു.
സമാധാനപരമായി ഘെരാവോ, ധർണ, കലാപരിപാടികൾ, പ്രകടനങ്ങൾ, മുദ്രാവാക്യം വിളികൾ എന്നിവയിലൂടെ മാത്രമാണ് തങ്ങൾ സമരം ചെയ്തതെന്നും അക്രമം ഒരിക്കലും സമരമാർഗ്ഗമായി സ്വീകരിച്ചിട്ടില്ലെന്നും യൂനിയൻ വ്യക്തമാക്കി. ആർ.എസ്.എസുകാർ തങ്ങൾക്ക് നേരെ നൂറുകണക്കിന് കല്ലുകൾ എറിഞ്ഞിട്ടും തിരിച്ച് ഒരു കല്ലുപോലും എറിയാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. എന്നാൽ രാത്രിയുടെ മറവിൽ തങ്ങൾ ഓഫിസിന് നേരെ കല്ലെറിഞ്ഞുവെന്ന നുണയാണ് വി.സി പ്രചരിപ്പിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
വിഷയത്തിൽ നവംബർ 13 വരെ കാമ്പസ് അടച്ചിടാൻ ഉത്തരവിട്ട അധികൃതർ, 24 മണിക്കൂറിനുള്ളിൽ ഹോസ്റ്റൽ ഒഴിഞ്ഞുപോകാന് ആവശ്യപ്പെടുകയും മെസ് സൗകര്യം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 15ന്റെ ഉത്തരവ് ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കാതെ, ഒക്ടോബർ 16 വൈകീട്ട് ഏഴുമണിയോടെ ഹോസ്റ്റൽ നോട്ടീസ് ബോർഡിൽ പതിക്കുകയാണ് ചെയ്തത്. ഇത് വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ അനിശ്ചിതത്വത്തിലാക്കുന്നതാണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.
കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ വിദ്യാർഥികളെ ലക്ഷ്യമിട്ട് കാമ്പസിൽ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പ്രതികരിക്കാത്ത സ്ഥാപന ചെയർമാനും ബി.ജെ.പി എംപിയുമായ സുരേഷ് ഗോപിയുടെ മൗനം പ്രതിഷേധാർഹമാണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ, രാജ്യസഭാ എംപിയായ എ.എ. റഹീം സുരേഷ് ഗോപിക്ക് കത്തയച്ച് വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

