പാക് ഏജന്റുമാരെ നിരന്തരം കണ്ടിരുന്നതായി സമ്മതിച്ച് ചാര യൂട്യൂബർ ജ്യോതി മൽഹോത്ര
text_fieldsന്യൂഡൽഹി: ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ.
ഹരിയാന സ്വദേശി യൂട്യൂബർ ജ്യോതി മൽഹോത്രയെ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിന് ശനിയാഴ്ചയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ൽ പാകിസ്താനിലേക്ക് പോകാനുള്ള വിസക്കായി ഹൈക്കമ്മീഷൻ സന്ദർശിച്ചപ്പോഴാണ് എഹ്‌സർ ദാർ എന്ന ഡാനിഷുമായി താൻ ആദ്യമായി ബന്ധപ്പെട്ടതെന്ന് ജ്യോതി പറഞ്ഞു.
നിലവിൽ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ജ്യോതി മൽഹോത്ര. പഹൽഗാം ആക്രമണത്തെത്തുടർന്ന് പാകിസ്താനുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മേയ് 13ന് ഇന്ത്യ പുറത്താക്കിയ പാക് നയതന്ത്രജ്ഞരിൽ ഡാനിഷും ഉൾപ്പെടുന്നു. 3,77,000ത്തിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലായ ‘ട്രാവൽ വിത് ജോ’യുടെ ഉടമയാണ് ജ്യോതി റാണി എന്നും അറിയപ്പെടുന്ന 33കാരിയായ ജ്യോതി മൽഹോത്ര.
പാകിസ്താൻ സന്ദർശന വേളയിൽ ഡാനിഷിന്റെ സുഹൃത്ത് അലി ഹസനെ കണ്ടുമുട്ടിയതായും അദ്ദേഹം തന്റെ താമസവും യാത്രയും ക്രമീകരിച്ചു നൽകിയതായും ജ്യോതി മൽഹോത്ര പറഞ്ഞു. പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന ഷാക്കിർ, റാണ ഷഹബാസ് എന്നീ രണ്ടു് പേർക്ക് അലി ഹസൻ തന്നെ പരിചയപ്പെടുത്തിയതായും ജ്യോതി വെളിപ്പെടുത്തി. പട്യാലയിൽനിന്ന് അതിർത്തിയിലെ പാക് ചാരന്മാർക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ദേവീന്ദർ സിങ് ദിലിയൻ എന്ന വിദ്യാർഥിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജ്യോതിയും പിടിയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

