തന്ത്ര പ്രധാനമേഖലകളുടെ ചിത്രങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തി നൽകിയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് തുടർന്ന് ബംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബാർമർ സ്വദേശിയായ ജിതേന്ദർ സിങാണ് ബംഗളൂരുവിൽ വെച്ച് അറസ്റ്റിലായത്.
സൗത്തേൺ കമാൻഡന്‍റ് മിലിട്ടറി ഇന്‍റലിജൻസും ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ജിതേന്ദർ അറസ്റ്റിലായത്. ഇയാൾ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങൾ ഐ.എസ്.ഐക്കും മറ്റും അയച്ചുനൽകിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതിർത്തിയിലെ സൈനിക പോസ്റ്റുകൾ, ബാർമർ മിലിറ്റർ സ്റ്റേഷൻ, സൈനിക വാഹനവ്യൂഹം എന്നിവയുടെ ചിത്രങ്ങൾ പാക് ഏജൻസിക്ക് നൽകിയെന്നാണ് ആരോപണം. സൈനിക യൂണിഫോം ധരിച്ച് ആൾമാറാട്ടം നടത്തിയാണ് ഇയാൾ ചിത്രങ്ങൾ പകർത്തിയത്. ബംഗളൂരുവിൽ വസ്ത്ര നിർമാണ ശാലയിൽ ജോലി ചെയ്യവേയാണ് ഇയാൾ അറസ്റ്റിലാകുന്നത്. സ്ത്രീയുടെ പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇയാളെ ഐ.എസ്.ഐ വലയിലാക്കിയതെന്നാണ് വിവരം.