രാഹുൽ ഗാന്ധി പാകിസ്താനിൽ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പ്; വിവാദ പ്രസ്താവനയുമായി ആചാര്യ പ്രമോദ് കൃഷ്ണം
text_fieldsഗാസിയാബാദ്: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ആത്മീയ ഗുരു ആചാര്യ പ്രമോദ് കൃഷ്ണം. രാഹുൽ ഗാന്ധിക്ക് പാകിസ്താനിൽ വലിയ ജനകീയതയാണെന്നും അവിടെ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നുമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണയുടെ പരിഹാസം.
പാകിസ്‍താനിൽ രാഹുലിന്റെ ചില വിഡിയോകൾ വൈറലായ സാഹചര്യത്തിലായിരുന്നു ഈ പരാമർശം.
''രാഹുൽ ഗാന്ധി പാകിസ്താനിലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ഇന്ത്യയിലെ ഭരണനേതാക്കളുടെ പ്രസ്താവനയെ രാഹുൽ ഗാന്ധി മുഖവിലക്കെടുക്കുന്നില്ല. ഇവിടത്തെ ഭരണസംവിധാനങ്ങളെയും രാഹുലിന് വിശ്വാസമില്ല. ഇന്ത്യൻ സൈന്യം പാകിസ്താന് കൃത്യമായ തിരിച്ചടി നൽകിയതിനെ കുറിച്ച് വിശദീകരിച്ചപ്പോൾ അതിന് തെളിവ് വേണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്. എന്നാൽ പാകിസ്താനിലെ ഏതെങ്കിലുമൊരു നേതാവ് എന്തെങ്കിലും പറഞ്ഞാൽ രാഹുൽ അത് ചാടിക്കയറി വിശ്വസിക്കും. അതുകൊണ്ടാണ് പാകിസ്താനിലെ ജനങ്ങൾ അദ്ദേഹത്തെ ഇത്രകണ്ട് സ്നേഹിക്കുന്നത്. അദ്ദേഹത്തിനും അവരെ ഇഷ്ടമാണ്.''-എന്നാൺ ആചാര്യ കൃഷ്ണം ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഓപറേഷൻ സിന്ദൂറിനെ കുറിച്ച് രാഹുൽ ഗാന്ധി ചോദ്യം ചെയ്തതാണ് ആചാര്യ ഉദ്ദേശിച്ചത്. ദൗത്യത്തെ കുറിച്ച് സംശയം ഉന്നയിച്ച രാഹുലും മറ്റ് കോൺഗ്രസ് നേതാക്കളും ഓപറേഷനിടെ എത്ര ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നുവെന്നതിൽ കൃത്യമായ മറുപടി നൽകണമെന്ന് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യൻ ആർമിയെയും പാർലമെന്റിനെയും ഭരണഘടനയെയും വരെ ചോദ്യം ചെയ്യുന്നത് രാഹുലിന്റെ പതിവ് രീതിയായി മാറിയെന്നും കൃഷ്ണം ആരോപിച്ചു.
കുട്ടികളാണ് ഇത്തരത്തിൽ പെരുമാറുന്നതെങ്കിൽ കുറച്ചു വലുതാവുമ്പോൾ ശരിയാകുമെന്ന് കരുതാം. എന്നാൽ അത്രയും വലിയ കുടുംബത്തിൽ നിന്ന് വളർന്ന രാഹുലിന് ഇനിയൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. രാജ്യത്തിനെതിരെ സംസാരിക്കരുതെന്നാണ് എന്നിട്ടും തനിക്ക് പറയാനുള്ളതെന്നും ആചാര്യം കൃഷ്ണം പറഞ്ഞു.
ഓപറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ദിരാഗാന്ധിയെയും നരേന്ദ്രമോദിയെയും ചോദ്യം ചെയ്ത കോൺഗ്രസ് നേതാക്കളെയും ആചാര്യ പ്രമോദ് വിമർശിച്ചു.
ഇന്ദിരാഗാന്ധി വളരെ ജനകീയതയുള്ള ഒരു നേതാവായിരുന്നു. അവർ പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചു. എന്നാൽ ഇന്ത്യക്ക് നരേന്ദ്രമോദിയെ പോലൊരു പ്രധാനമന്ത്രിയെ ഇതുവരെ ലഭിച്ചിട്ടില്ല. അദ്ദേഹം ഒറ്റയാൾ കാരണമാണ് ലോകം ഇന്ത്യയെ ഇന്ന് ഭയഭക്തിയോടെ നോക്കിക്കാണുന്നതെന്നും ആചാര്യ പറഞ്ഞു.
രാഹുൽ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ജനാധിപത്യം നിർജീവമായതായി അദ്ദേഹം പ്രഖ്യാപിക്കും. എന്നാൽ വിജയിക്കുമ്പോൾ ജനാധിപത്യം ഉയിർത്തെഴുന്നേറ്റതായും പറയും. സുപ്രീംകോടതി വിധി അനുകൂലമാകുമ്പോൾ, അത് വളരെ നല്ലതാകും. തീർച്ചയായും രാഹുൽ ഒരു അസാധാരണ വ്യക്തിയാണ്.-ആചാര്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

