ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 69,652 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 28,36,926 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 977 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 53,866 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.90 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 20,96,665 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 58,794 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 24.20 ശതമാനമായി. 686395 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. കോവിഡ് രോഗികളുെട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ് ഇന്ത്യയുള്ളത്.
ആഗസ്റ്റ് 19ന് 9,18,470 സാമ്പിളുകൾ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,26,61,252 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്നും ഐ.സി.എം.ആർ അറിയിച്ചു.