സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സ്പൈസ് ജെറ്റിൽ പൈലറ്റുമാർക്ക് ശമ്പളം മുടങ്ങി, അടിയന്തര വായ്പ എടുക്കാനൊരുങ്ങി കമ്പനി
text_fieldsന്യൂഡൽഹി: പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. പൈലറ്റുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയതായും കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും മാർച്ച് മാസം മുതലുള്ള ശമ്പളത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ക്രെഡിറ്റ് ഗ്യാരന്റി സ്കീം വഴി അടിയന്തര വായ്പക്കായി കമ്പനി ശ്രമിക്കുന്നതിനിടയിലാണ് വാർത്ത പുറത്തുവരുന്നത്.
കമ്പനിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മാർച്ച് വരെ 375 പൈലറ്റുമാരാണ് സ്പൈസ് ജെറ്റിൽ ജോലി ചെയ്യുന്നത്. 180ലധികം പൈലറ്റുമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ പരിശോധിച്ചാണ് ശമ്പള കുടിശ്ശികയുടെ വിവരങ്ങൾ പുറത്തുവന്നത്. ദൈനംദിന ചിലവുകൾക്കും ഇ.എം.ഐ ഉൾപ്പെടെയുള്ള അത്യാവശ്യ സാമ്പത്തിക ബാധ്യതകൾക്കും മറ്റുള്ളവരുടെ സഹായം തേടേണ്ട ഗതികേടിലാണ് തങ്ങളെന്ന് പൈലറ്റുമാർ ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശങ്ങളിൽ പറയുന്നു. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന് രണ്ട് പൈലറ്റുമാർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മെയ് 26ന് ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് വിരേന്ദ്ര മൽഹോത്ര ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ ശമ്പള വിതരണത്തിലെ ബുദ്ധിമുട്ടുകൾ സമ്മതിച്ചിരുന്നു. ഫെബ്രുവരിയിലെ ബാക്കി ശമ്പളം ഉടൻ നൽകുമെന്നും ഇതൊരു താല്ക്കാലിക പ്രതിസന്ധി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സന്ദേശത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ അങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്ന നിലപാടാണ് മൽഹോത്ര സ്വീകരിച്ചത്.
അതേസമയം ജീവനക്കാരുടെ ശമ്പളം വൈകുന്ന കാര്യം സ്പൈസ് ജെറ്റ് മാനേജ്‌മെന്റ് സമ്മതിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടരുന്നതുപോലെ ഘട്ടങ്ങളായാണ് ശമ്പളം നൽകുന്നതെന്നും ഭൂരിഭാഗം ജീവനക്കാർക്കും മാർച്ച് മാസത്തെ ശമ്പളം നൽകിക്കഴിഞ്ഞുവെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
ഇതിനിടെ കേന്ദ്ര സർക്കാരിന്റെ 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം' വഴി 1,500 കോടി രൂപയുടെ അടിയന്തര വായ്പ സ്വന്തമാക്കാനാണ് സ്പൈസ് ജെറ്റ് ഇപ്പോൾ ശ്രമിക്കുന്നത്. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ ഇന്ധനവില വർധിപ്പിച്ചതായും ചില വ്യോമപാതകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുത്തിയതും കമ്പനിയുടെ പ്രവർത്തനങ്ങളെയും വരുമാനത്തെയും ബാധിച്ചുവെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വരും മാസങ്ങളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ആഗോളതലത്തിൽ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തതും, കോവിഡ് പ്രതിസന്ധിയും, വിമാനങ്ങൾ വാടകക്ക് നൽകിയ കമ്പനികളുമായുള്ള നിയമതർക്കങ്ങളുമാണ് സ്പൈസ് ജെറ്റിനെ തുടർച്ചയായ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. 2019ൽ ഇന്ത്യൻ ആഭ്യന്തര വിപണിയുടെ 15 ശതമാനവും കൈക്കലാക്കി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്ന സ്പൈസ് ജെറ്റ് ഇപ്പോൾ വെറും 3.4 ശതമാനം വിപണി വിഹിതവുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
ഈ വർഷം മാത്രം കമ്പനിയുടെ ഓഹരികളിൽ 60 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ 4,494 സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് മെയ് മാസത്തിൽ സ്പൈസ് ജെറ്റ് നടത്തിയ സർവീസുകൾ 3,053 ആയി ചുരുങ്ങി. നിലവിൽ വെറും 21 വിമാനങ്ങൾ മാത്രമാണ് കമ്പനി സർവീസിനായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

