വിമാനം വൈകിയതിനെച്ചൊല്ലി ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ വൻ വാക്കേറ്റം; സ്‌പൈസ് ജെറ്റ് ജീവനക്കാരിക്ക് സസ്‌പെൻഷൻ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരോട് തട്ടിക്കയറുകയും തർക്കത്തിലേർപ്പെടുകയും ചെയ്ത സ്‌പൈസ് ജെറ്റ് എയർലൈൻസ് ജീവനക്കാരിയെ കമ്പനി സസ്‌പെൻഡ് ചെയ്തു. വിമാനം മണിക്കൂറുകളോളം വൈകിയതിനും പിന്നീട് റദ്ദാക്കിയതിനും പിന്നാലെ ജീവനക്കാരിയും യാത്രക്കാരും തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ അടിയന്തര നടപടി.
ജൂൺ 13നായിരുന്നു രാജ്യത്തെ വ്യോമയാന മേഖലയിൽ വീണ്ടും ചർച്ചയായി മാറിയ ഈ സംഭവം നടന്നത്. ബാഗ്ഡോഗ്രയിൽ നിന്നും ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന സ്‌പൈസ് ജെറ്റിന്റെ SG 151 വിമാനത്തിലെ യാത്രക്കാരാണ് വിമാനത്താവളത്തിൽ ദുരിതത്തിലായത്. ബാഗ്ഡോഗ്രയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ആദ്യം വൈകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം സർവീസ് പൂർണ്ണമായും റദ്ദാക്കുകയാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ദേഷ്യം പ്രകടിപ്പിച്ച യാത്രക്കാരോട് എയർലൈൻ ജീവനക്കാരി തട്ടിക്കയറുന്നതാണ് വിഡിയോയിലുള്ളത്. മറ്റ് യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു ഈ പരസ്യമായ വാക്കേറ്റം.
പ്രതികൂല കാലാവസ്ഥയും വിമാനത്താവളത്തിലെ പ്രവർത്തന നിയന്ത്രണങ്ങളുമാണ് വിമാനം റദ്ദാക്കാൻ കാരണമായതെന്നാണ് സ്‌പൈസ് ജെറ്റ് നൽകുന്ന വിശദീകരണം. ബാഗ്ഡോഗ്രയിലെ കനത്ത മോശം കാലാവസ്ഥ കാരണം ഡൽഹിയിൽ നിന്നും വരേണ്ടിയിരുന്ന വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് സർവീസ് വൈകിയത്.
തുടർന്ന് വിമാനത്താവളത്തിലെ നിശ്ചിത സമയപരിധി അവസാനിച്ചതോടെ വിമാനം പൂർണ്ണമായും റദ്ദാക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. ‘കാലാവസ്ഥാ വ്യതിയാനങ്ങൾ ഒരു എയർലൈന്റെയും നിയന്ത്രണത്തിലല്ലെങ്കിലും, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്’ എന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവികമായ പ്രതിഷേധത്തോട് ജീവനക്കാരി മോശമായ രീതിയിലാണ് പ്രതികരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരിയായ ജീവനക്കാരിയെ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ സസ്‌പെൻഡ് ചെയ്തതായും കമ്പനി വ്യക്തമാക്കി.
ഇവർക്കെതിരെയുള്ള അച്ചടക്ക നടപടികളുടെ ഭാഗമായി, എയർലൈൻ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് കൂടുതൽ പഠിപ്പിക്കുന്നതിനായി റീഫ്രഷർ പരിശീലനത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്തിമ നടപടിയുണ്ടാകുമെന്നും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
വിമാനത്താവളത്തിൽ വെച്ചുണ്ടായ ഈ തർക്കത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. പണം കൊടുത്ത് ടിക്കറ്റെടുക്കുന്ന യാത്രക്കാരോട് വിമാനക്കമ്പനി ജീവനക്കാർ മാന്യമായി പെരുമാറാൻ പഠിക്കണമെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, വിമാനങ്ങൾ വൈകുമ്പോഴും റദ്ദാക്കുമ്പോഴും വിമാനത്താവളങ്ങളിലെ സാധാരണക്കാരായ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദത്തെക്കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്ന് മറ്റ് ചിലർ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

